ഭൂമി ലഭിച്ചിട്ടും യാഥാർഥ്യമാകാതെ മലയോരപാത
1578457
Thursday, July 24, 2025 5:31 AM IST
എടക്കര: ഭൂമി വിട്ടുകിട്ടിയിട്ടും മലയോര പാതയുടെ മൂന്നാം റീച്ച് നിർമാണത്തിന് ഫണ്ട് അനുവദിക്കാതെ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ. പൂക്കോട്ടുംപാടം-തന്പുരാട്ടിക്കല്ല് മലയോര പാതയുടെ മൂന്നാം റീച്ചായ കാറ്റാടി പാലം- ചാത്തംമുണ്ട റോഡിനാണ് ഫണ്ട് വകയിരുത്താൻ അധികൃതർ തയാറാകാത്തത്.
ഒന്നാം റീച്ചായ പൂക്കോട്ടുംപാടം-കാറ്റാടി, മൂന്നാം റീച്ചായ ചാത്തംമുണ്ട-തന്പുരാട്ടിക്കല്ല് എന്നിവയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. 104 കോടിയുടെ രൂപയുടെ സാങ്കേതികാനുമതിയാണ് ഇതിന് ലഭിച്ചത്. മൂന്നാം റീച്ചിൽ ഉൾപ്പെടുന്ന എടക്കര പഞ്ചായത്തിലെ എല്ലാ ഭൂവുടമകളിൽ നിന്ന് നിലവിൽ ഭൂമി വിട്ടുകിട്ടിയിട്ടുണ്ട്. 90 ഭൂവുടമകളാണ് എടക്കര ഭാഗത്തുള്ളത്.
എന്നാൽ ചുങ്കത്തറ പഞ്ചായത്തിലെ 116 അപേക്ഷകളിൽ 83 ഭൂവുടമകൾ മാത്രമാണ് ഭൂമി വിട്ടുനൽകിയിട്ടുള്ളത്. മൂന്നാം റീച്ചിന് അധിക സാന്പത്തിക അനുമതി ആവശ്യമാണെന്നും അത് ലഭ്യമാകുന്ന മുറക്ക് പ്രവൃത്തികൾ ആരംഭിക്കുമെന്നുമാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
വനഭൂമി വിട്ടുകിട്ടാത്തതിനാൽ പോത്തുകൽ മുതൽ മുണ്ടേരി വരെയുള്ള മലയോര പാതയുടെ നിർമാണം വൈകിയിരുന്നു. ഒടുവിൽ നിലവിലുള്ള വീതിയിൽ നിർമാണം പൂർത്തിയാക്കി കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി മടങ്ങുകയാണുണ്ടായത്.
0.721 ഹെക്ടർ വനഭൂമിയാണ് പാതയുടെ നിർമാണത്തിനായി പാലുണ്ട മുതൽ മുണ്ടേരി വിത്തുകൃഷിത്തോട്ടം വരെ ആവശ്യമായിരുന്നത്. 2023 ൽ വനഭൂമി വിട്ടുകിട്ടാൻ പ്രെപ്പോസൽ നൽകിയെങ്കിലും ഡിവിഷണൽ സർവെയർ ഇല്ലെന്ന മുട്ടാപ്പോക്ക് നയം പറഞ്ഞ് വനം വകുപ്പ് അധികൃതർ നടപടികൾ മന:പൂർവം വൈകിപ്പിക്കുകയാണ്.
വനഭൂമി വിട്ടുകിട്ടാത്തതിനാൽ നിർമാണം നടന്ന രണ്ടാം റീച്ചിൽ ചാത്തംമുണ്ട മുതൽ തന്പുരാട്ടിക്കല്ല് വരെയുള്ള ഭാഗങ്ങളിൽ ഏഴും എട്ടും മീറ്റർ വീതി മാത്രമാണുള്ളത്. മുണ്ടേരിയിൽ നിന്ന് അരണപ്പുഴ വഴി വയനാട് ജില്ലയിലെ മേപ്പാടിയിൽ എത്തുന്ന രൂപത്തിലായിരുന്നു മലയോര പാതയുടെ ആദ്യ അലൈൻമെന്റുകൾ.
ഇവിടെയും നാല് കിലോമീറ്റർ വനഭൂമി വില്ലനായി. അരണപ്പുഴ ഭാഗത്ത് വനഭൂമി വിട്ടുകിട്ടാൻ അധികൃതർ വനം വകുപ്പിന് പ്രെപ്പോസൽ നൽകിയിരുന്നുമില്ല. ഇതോടെ വയനാട് ജില്ലയുമായി ബന്ധിപ്പിക്കുന്നത് ഒഴിവാക്കി മലയോരപാത മുണ്ടേരി വിത്തുകൃഷിത്തോട്ടം കവാടം വരെയായി ചുരുങ്ങി. മൂന്നാം റീച്ചിലെ ചാത്തംമുണ്ട മുതൽ പാലുണ്ട വരെയുള്ള നാല് കിലോമീറ്റർ റോഡ് റീ ടാറിംഗ് നടത്തിയിട്ട് കാലങ്ങളായി. ഈ ഭാഗം പാടെ തകർന്ന് കിടക്കുകയാണ്.
കാലപ്പഴക്കംമൂലം പാതിരിപ്പാടത്ത് തകർന്ന ഓവുപാലം പുനർനിർമിച്ചതല്ലാതെ വർഷങ്ങളായി നിർമാണ പ്രവൃത്തികളും പൊതുമരാമത്ത് വകുപ്പ് മൂന്നാം റീച്ചിൽ നടത്തിയിട്ടില്ല.
മലയോര പാതയുടെ ഭാഗമാണെന്ന കാരണത്താലാണ് മറ്റ് ഫണ്ടുകൾ ഇവിടെ നിയോഗിക്കാത്തത്. 2017 ലാണ് മേഖലയിൽ മലയോര പാതയുടെ പ്രവൃത്തി ആരംഭിച്ചത്. എന്നാൽ മൂന്നാം റീച്ച് പാടെ അവഗണിക്കപ്പെട്ടു.