റിഹാബിലിറ്റേഷൻ സെന്ററിന്റെ നിർമാണം പൂർത്തിയായിട്ടും തുറന്നുകൊടുത്തില്ലന്ന് പരാതി
1578719
Friday, July 25, 2025 5:53 AM IST
വണ്ടൂർ: വണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ കരുണാല പടിയിലുള്ള ബഡ്സ് റിഹാബിലിറ്റേഷൻ സെന്റെറിന്റെ നിർമാണം പൂർത്തിയായിട്ടും അധികൃതർ തുറന്നുകൊടുത്തില്ലന്ന് പരാതി. കഴിഞ്ഞ 10 വർഷക്കാലമായി ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാരെ അവഗണിക്കുകയാണ്.
നിർമാണം പൂർത്തിയായ കേന്ദ്രം ഇതുവരെ തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. നൂറിലധികം വരുന്ന വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.കരുണാലപ്പടി തൊണ്ടിയിൽ ഏഴോളം സെന്റ് സ്ഥലത്ത് വർഷങ്ങൾക്കു മുമ്പ് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിനായി നിർമിച്ചതാണ് കെട്ടിടം.മുറ്റം ഇന്റർലോക്ക് പതിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായുള്ള ശുചീമുറികളും തയ്യാറാണ്.
കെട്ടിടത്തിനു മുകളിലായി ഷീറ്റ് മേഞ്ഞു മേൽക്കൂരയും നിർമിച്ചിട്ടുണ്ട്. പൈപ്പുകൾ അടക്കം സ്ഥാപിച്ചിട്ടുണ്ട്. അതേസമയം എന്തുകൊണ്ടാണ് ഈ കെട്ടിടം ഇതുവരെ പ്രവർത്തനം തുടങ്ങാത്തത് എന്നതിന് വ്യക്തമായ കാരണം ഇതുവരെ പഞ്ചായത്തധികൃതർ പറയുന്നുമില്ല. എപ്പോൾ ചോദിച്ചാലും ഉടൻ തുറക്കും എന്ന് മറുപടിയാണ് പറയുന്നത്.
നൂറിലധികം വരുന്ന ഭിന്നശേഷി വിദ്യാർഥികളുണ്ട് വണ്ടൂർ പഞ്ചായത്ത് പരിധിയിൽ. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഇവരുടെ കലാ-കായിക, തൊഴിൽപരമായ പരിശീലനങ്ങൾ മുതലായാണ് ഇത്തരം കേന്ദ്രങ്ങൾ വഴി നൽകുന്നത്. ഇതിനായി, നിലവിൽ, മറ്റു ഗ്രാമപഞ്ചായത്തുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് വണ്ടൂർ പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും. ഇത് ഭാരിച്ച ചെലവാണ് വരുത്തിവക്കുന്നത്.
പലതവണ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും, കേന്ദ്രം തുറക്കാൻ യാതൊരുവിധ നടപടിയും പഞ്ചായത്ത് കൈക്കൊള്ളില്ലെന്നാണ് പരാതി.