ഭീഷണിയായ വൈദ്യുതി ലൈന്‍ : സത്വര നടപടിയുമായി വൈദ്യുതി വകുപ്പ്
1578720
Friday, July 25, 2025 5:53 AM IST
മഞ്ചേരി: ബുധനാഴ്ച വൈദ്യുതി ലൈനിനു സമീപം വിദ്യാർഥി ബോധരഹിതനായി വീണ സംഭവത്തെ തുടര്‍ന്ന് സത്വര നടപടി സ്വീകരിച്ച് കെഎസ്ഇബി.
വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയായ വൈദ്യുതി ലൈന്‍ ഉയര്‍ത്തി അപകട സാധ്യത ഒഴിവാക്കി. മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂള്‍ കെട്ടിടത്തിന് സമീപത്തെ വൈദ്യുതി ലൈനാണ് ഉയരംകൂടിയ വൈദ്യുതി കാലും കേബിള്‍ ലൈനും സ്ഥാപിച്ച് അപകട ഭീഷണി മാറ്റിയത്. നിലവിലുള്ള 11 മീറ്റര്‍ ഉയരമുള്ള വൈദ്യുതി കാല് മാറ്റി പകരം രണ്ട് മീറ്റര്‍ കൂടി ഉയരത്തിലുള്ള പുതിയ പോസ്റ്റ് സ്ഥാപിച്ചു.
ഇതോടെ എച്ച് ടി ലൈന്‍ കൂടുതല്‍ ഉയരത്തിലായി. അതേ പോസ്റ്റിലുള്ള എല്‍ ടി ലൈന്‍ ഇന്‍സുലേറ്റഡ് കേബിള്‍ ആക്കി മാറ്റി. ഒരു ഭാഗത്തേക്ക് ചെരിഞ്ഞ വൈദ്യുതി കാലിന് പ്ലെയ്ന്‍ സ്റ്റേ നല്കിയതും അപകട ഭീഷണി ഇല്ലാതാക്കി.
പ്രവൃത്തി വെള്ളിയാഴ്ച കൂടി തുടരുമെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. കച്ചേരിപ്പടിയില്‍ റോഡില്‍ നിന്ന് 11 മീറ്ററോളം ഉയരത്തിലുള്ള ലൈന്‍ സ്കൂള്‍ മുറ്റത്തുനിന്ന് വിദ്യാര്‍ഥികളുടെ കയ്യെത്തും അകലത്തിലൂടെയാണ് കടന്നു പോയിരുന്നത്.
ലൈന്‍ പരസ്പരം ഉരസി തീപ്പൊരി ഉണ്ടാകുന്നത് വിദ്യാര്‍ഥികളില്‍ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഇന്റര്‍വെല്‍ സമയത്ത് ക്ലാസില്‍ നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ഥി വൈദ്യുതി ലൈനിനോട് ചേര്‍ന്ന് ബോധരഹിതനാവുകയും വൈദ്യുതാഘാതമേറ്റതാണെന്ന് സംശയം ഉയരുകയും ചെയ്തിരുന്നു.
എന്നാല്‍ കുട്ടിക്ക് വൈദ്യുതി ആഘാതത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെങ്കിലും അപകട സാധ്യത കണ്ട് നടപടിയെടുത്തത് അനുഗ്രഹമായി.