കാറ്റും മഴയും : മലയോര മേഖലയിൽ വ്യാപക നാശം മരങ്ങൾ വീണ് വീടുകൾ തകർന്നു
1578943
Saturday, July 26, 2025 6:02 AM IST
കരുവാരകുണ്ട്: ശക്തമായ മഴയിലും കാറ്റിലും മലയോര മേഖലയിൽ വ്യാപക നാശം നേരിട്ടു. ഇന്നലെ വൈകുന്നേരം കരുവാരകുണ്ട് ചുള്ളിയോട് പയ്യാക്കോട്ടെ സുരേഷ് കുമാർ പള്ളിക്കുത്തിന്റെ വീടിനു മുകളിൽ തെങ്ങും മരങ്ങളും കാറ്റിൽ ഒടിഞ്ഞു വീണ് വീട് തകർന്നു.
പ്രദേശത്ത് നിരവധി വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സുരേഷ് കുമാറിന്റെ വീട്ടിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കരുവാരകുണ്ട്, തുവൂർ ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ പൊട്ടിവീണും കടപുഴകി വീണും വൈദ്യുതി തൂണുകൾ നിലംപതിച്ചതിനാൽ വൈദ്യുതി വിതരണം മുടങ്ങി.
ഒട്ടേറെ ഭാഗങ്ങളിൽ വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ ദിവസങ്ങളെടുത്തേക്കുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. രാവിലെയും വൈകുന്നേരവുമായിട്ടാണ് കരുവാരകുണ്ട്, തുവൂർ ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ കാറ്റ് ആഞ്ഞ് വീശിയത്. രാവിലെ വിദ്യാർഥികൾ വിദ്യാലയങ്ങളിലെത്തിയതിനാൽ അനിഷ്ട സംഭവങ്ങളിൽ നിന്നൊഴിവായി. പലയിടത്തും മരങ്ങൾ പൊട്ടിവീണും കടപഴകി വീണും വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വലിയതോതിൽ കൃഷി നാശവും പ്രദേശത്തുണ്ടായി.
നിലന്പൂർ: മഴയിൽ വീടിന്റെ മതിൽ തകർന്നു. കിണറിനും ഇടിച്ചിൽ സംഭവിച്ചു. വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. മന്പാട് മേപ്പാടം പള്ളിക്കുന്നിൽ കണ്ണിയൻ മുഷാറഫിന്റെ വീടിന്റെ പിറകുവശത്തെ മതിലാണ് തകർന്ന് വലിയ താഴ്ചയിലേക്ക് നിലംപൊത്തിയത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
മതിലിടിഞ്ഞ് വീണ ആഘാതത്തിൽ കിണറിനും ഭാഗികമായി നാശം സംഭവിച്ചിട്ടുണ്ട്. സംഭവ സമയത്ത് അധ്യാപകനായ മുഷാറഫ് സ്കൂളിലേക്ക് പോയിരുന്നു. ഭാര്യയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്.