ഉൾവനത്തിലെ ആദിവാസികൾക്ക് ഭക്ഷ്യകിറ്റുകളുമായി വനപാലകരെത്തി
1578464
Thursday, July 24, 2025 5:31 AM IST
നിലന്പൂർ: കാരുണ്യവഴിയിൽ വനപാലകർ. മഴക്കാലത്തെ ദുരിതമകറ്റാൻ ഭക്ഷ്യകിറ്റുകളുമായി ആദിവാസി നഗറുകളിലേക്ക് വനപാലകരെത്തി. അകന്പാടം വനം സ്റ്റേഷനിലെ വനപാലകരാണ് കിലോമീറ്ററുകൾ സഞ്ചരിച്ച് ചാലിയാർ പഞ്ചായത്തിലെ പന്തീരായിരം ഉൾവനത്തിലെ വെറ്റിലക്കൊല്ലി, അന്പുമല, പാലക്കയം ആദിവാസി നഗറുകളിലും കല്ലുണ്ട ആദിവാസിനഗറിലേക്കും ഭക്ഷ്യകിറ്റുകളുമായി എത്തിയത്.
16 ഭക്ഷ്യവിഭവങ്ങൾ അടങ്ങിയ 150 കിറ്റുകളാണ് വിതരണം ചെയ്തത്. അകന്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ. മുഹസിന്റെ നേതൃത്വത്തിലാണ് വനപാലകർ ഭക്ഷ്യകിറ്റുകൾ കൈമാറിയത്.
ജീവകാരുണ്യ മേഖലയിൽ നിരവധി പ്രവർത്തനങ്ങളാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ. മുഹസിനും സംഘവും നടത്തിവരുന്നത്. മുൻ വർഷങ്ങളിലും ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ സഹായത്തോടെ ഭക്ഷ്യകിറ്റുകളും ഓണക്കോടികളും വീടുകളിലേക്ക് ആവശ്യമായ പാത്രങ്ങൾ ഉൾപ്പെടെ നൽകിയിരുന്നു. ഇത്തവണ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന "തടാകം’ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഭക്ഷ്യകിറ്റുകൾ നൽകിയത്.
1000 രൂപയുടെ ഭക്ഷ്യസാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് ഓരോ കുടുംബങ്ങൾക്കും വിതരണം ചെയ്തത്. തങ്ങളുടെ ശന്പളത്തിൽ നിന്ന് ഒരു വിഹിതം കൂടി ചേർത്താണ് വനപാലകരുടെ കാരുണ്യപ്രവൃത്തി.ഡെപ്യൂട്ടി റേഞ്ചർ വി.കെ. മുഹസിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എം. ശ്രീജത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.പി. അനിൽകുമാർ, പി.എ.മുഹമ്മദ് അസ് ലം, എ.സന്തോഷ്, കെ.ഷിജ്ന, കെ.ടി.അബീന,
എം.ജെ. മനു, വാച്ചർ യാസർ, ഡ്രൈവർ പി.ടി. മുനീർ, തടാകം ഫൗണ്ടേഷൻ പ്രതിനിധികളായ സലാം, മുഹമ്മദ്കുട്ടി എന്നിവരും പങ്കാളികളായി.
സഹജീവികൾക്ക് അവരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് സഹായവുമായി എത്തുന്ന അകന്പാടം വനം സ്റ്റേഷനിലെ വനപാലകർക്ക് പിന്തുണയുമായി നിലന്പൂർ നോർത്ത് ഡിവിഷൻ ഡിഎഫ്ഒ ധനേഷ് കുമാറും എസിഎഫ് അനീഷ സിദ്ദിഖും എടവണ്ണ റേഞ്ച് ഓഫീസർ വി. സലീമും കൂടെയുണ്ട്.