ഗ്രാമീണ റോഡുകളുടെ തകർച്ച: അധികൃതർക്ക് നിസംഗത
1578718
Friday, July 25, 2025 5:53 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ റോഡുകൾ നവീകരിച്ചത് മുഴുവൻ താറുമാറായി. ഗ്രാമീണ റോഡുകളിൽ ഒട്ടുമിക്കതിലും യാത്ര ദുരിതമായി മാറി.
റോഡുകളിലൂടനീളം കുണ്ടും കുഴിയും നിറഞ്ഞ് വാഹനഗതാഗതവും കാൽനടയാത്രയും ദുസ്സഹമായിട്ടുണ്ട്. കേരള എസ്റ്റേറ്റ് വില്ലേജിലെ റോഡുകളിൽ യാത്രാദുരിതം തീർക്കാൻ ഒടുവിൽ നാട്ടുകാർ രംഗത്തിറങ്ങുകയാണ് ചെയ്തത്.
നാട്ടുകാർ പിരിവെടുത്ത് ക്വാറിയിലെ പാറക്കഷ്ണങ്ങളും മണലും റോഡിൽ വിതറിയാണ് താൽക്കാലിക ആശ്വാസം കണ്ടെത്തിയത്. തരിശ് കിഴക്കേത്തല റോഡിൽ സിനിമ ഹാളിനു സമീപത്തും മൃഗാശുപത്രിക്ക് മുൻപിലും മുക്കട്ടയോട് ചേർന്നുള്ള ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
മുക്കട്ട മാമ്പറ്റ ഭാഗത്ത് റോഡുകൾ ഏകദേശം മുഴുവനായും തകർന്നു കിടക്കുകയായിരുന്നു. മാമ്പറ്റയിലും യുവാക്കൾ രംഗത്തിറങ്ങിയാണ് മണ്ണിട്ടും പാറക്കഷണങ്ങൾ നിരത്തിയും റോഡിലെ കുഴികൾ അടച്ച് താൽക്കാലിക പരിഹാരം കണ്ടെത്തിയത്. ഖാൻകാഹ് പുൽവെട്ട റോഡിൽ വലിയ കുഴിയാണ് രൂപപ്പെട്ടത്.
പരിചയമില്ലാത്ത യാത്രക്കാർ കുഴിയിൽ വീഴലും പതിവാണ്. വാഹനങ്ങൾക്ക് വലിയതോതിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്. കുട്ടത്തി റോഡിലും വാക്കോട് റോഡിലും സമാന അവസ്ഥ തന്നെയാണ് ഉള്ളത്. ഗ്രാമപഞ്ചായത്തിലെ ഏതാണ്ട് എല്ലാ ഗ്രാമീണ റോഡുകളുടെയും അവസ്ഥ വളരെ ശോചനീയമാണ്. മഴ കനത്തതോടെ രൂപപ്പെട്ട കുഴികളിൽ വെള്ളം കെട്ടി നിൽക്കുകയും ചെയ്യുന്നു.
കുഴികൾ ഉണ്ടെന്നറിയാതെ ഇത്തരം വെള്ളക്കെട്ടുകളിൽ ഇരുചക്രവാഹനക്കാരും യാത്രക്കാരും വീഴലും സാധാരണമാണ്. ലക്ഷ കണക്കിന് രൂപ മുടക്കി നവീകരിച്ച റോഡുകളിൽ മഴ കനക്കും മുന്പേ തന്നെ നാശം വരാൻ കാരണം നിർമാണത്തിലെ പോരായ്മയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. റോഡുകളുടെ തകർച്ചക്ക് പുറമേ ജൽജീവൻ മിഷൻ പദ്ധതിക്കായി വശങ്ങളിൽ ചാലെടുത്തതും യാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്.