മഞ്ചേരി അർബൻ ബാങ്കിന്റെ ജനകീയ മുഖം പടിയിറങ്ങുന്നു
1578465
Thursday, July 24, 2025 5:31 AM IST
മഞ്ചേരി : മഞ്ചേരി സഹകരണ അർബൻ ബാങ്കിന്റെ ജനകീയ മുഖം എന്നറിയപ്പെടുന്ന കെ. അബ്ദുൾ നാസർ 32 വർഷത്തെ സേവനത്തിന് ശേഷം ഈ മാസം പടിയിറങ്ങുന്നു. 21 ശാഖകളുള്ള ബാങ്കിൽ 25000 അംഗങ്ങളും രണ്ടു ലക്ഷത്തോളം ഇടപാടുകാരുമുണ്ട്. ഇവരെ ഏകോപിപ്പിച്ച് ബാങ്കിന് മുന്നോട്ടു നയിക്കുന്നതിൽ കാണിച്ച വൈദഗ്ധ്യമാണ് അദ്ദേഹത്തെ ജനകീയനാക്കിയത്.
1993 ൽ ജൂണിയർ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച അബ്ദുൾ നാസർ പടിപടിയായി ഉയർന്ന് 2007ൽ ജനറൽ മാനേജരായി. സാരഥ്യം ഏറ്റെടുക്കുന്പോൾ ബാങ്കിന്റെ നിക്ഷേപം 125 കോടിയും വായ്പ 80 കോടിയുമായിരുന്നു. ഇപ്പോഴിത് യഥാക്രമം 550 കോടി, 400 കോടി എന്നിങ്ങനെയാണ്. കോവിഡ് പ്രതിസന്ധിയിൽ ഇടപാടുകാരുടെ വായ്പ തിരിച്ചടവ് മുടങ്ങിയത് ബാങ്കിനെ വലിയ സാന്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന് ശാസ്ത്രീയമായ സമീപനത്തിലൂടെ ഊർജിതമായ ലോണ്‍ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയാണ് പ്രതിസന്ധി മറികടന്നത്.
മികച്ച മാനേജ്മെന്റിലൂടെ ബാങ്കിന്റെ നെറ്റ് എൻപിഎ അഞ്ച് ശതമാനമായി കുറച്ച് റിസർവ് ബാങ്കിന്റെ സൂപ്പർവൈസറി നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് മികച്ച നേട്ടം കൈവരിക്കാൻ ഇദ്ദേഹത്തിനായി. ഇരുന്പുഴി, കാടപ്പടി, കാരാട്, നെല്ലിപറന്പ്, തൃപ്പനച്ചി, മൊറയൂർ എന്നീ പുതിയ ആറ് ശാഖകൾ ആരംഭിക്കുന്നതും ഈ കാലയളവിലാണ്. കോർ ബാങ്കിംഗ് സംവിധാനം, ഡിജിറ്റൽ ബാങ്കിംഗ്, എടിഎം എന്നിവ സ്ഥാപിച്ചു.
പുതിയ പ്ലാറ്റിനം ജൂബിലി ബ്ലോക്ക് നിർമിച്ചു. 150 ജീവനക്കാരുള്ള ബാങ്കിനെ കേരളത്തിലെ മികച്ച അർബൻ ബാങ്കുകളിൽ ഒന്നാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. നിരവധി തവണ ദേശീയ അംഗീകാരങ്ങൾ ലഭിച്ച ബാങ്കിന് ഇക്കഴിഞ്ഞ സാന്പത്തിക വർഷം മൂന്നരകോടി രൂപ ലാഭമുണ്ടാക്കാൻ സാധിച്ചതും അബ്ദുൾ നാസറിന്റെ നേതൃത്വ മികവിനുദാഹരണമാണ്.
ജപ്തി നടപടി നേരിടുന്ന ഇടപാടുകാരോടും നിരാലംബരോടും മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച ഇദ്ദേഹം ജീവകരാണ്യ പ്രവർത്തകനും നെല്ലിക്കുത്ത് പാലിയേറ്റീവ് കമ്മിറ്റി പ്രസിഡന്റുമാണ്. മഞ്ചേരി നഗരസഭ കൗണ്‍സിലർ ആയിരുന്ന സക്കീനയാണ് ഭാര്യ. അധ്യാപികയായ റിൻഷിയാണ് ഏക മകൾ.
അബ്ദുൾ നാസറിന് ജനകീയ യാത്രയയപ്പ് നൽകാൻ ഒരുങ്ങുകയാണ് ജീവനക്കാരും നാട്ടുകാരും. 26ന് മഞ്ചേരി വുഡ്ബൈൻ ഹാളിൽ നടക്കുന്ന യാത്രയയപ്പ് ചടങ്ങിൽ എംഎൽഎമാരായ അഡ്വ. യു.എ. ലത്തീഫ്, പി.കെ. ബഷീർ, ടി.വി. ഇബ്രാഹിം, പി. ഉബൈദുള്ള എന്നിവർ പങ്കെടുക്കും.