ആധാർ കാർഡുകളും തപാൽ ഉരുപ്പടികളും തോട്ടിലൂടെ ഒഴുകിയെത്തിയ നിലയിൽ
1578458
Thursday, July 24, 2025 5:31 AM IST
വണ്ടൂർ: ആധാർ കാർഡുകളും കത്തുകളും ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾ തോട്ടിലൂടെ ഒഴുകിയെത്തിയ നിലയിൽ. തിരുവാലി പഞ്ചായത്തിലാണ് സംഭവം. അന്പലപ്പടി സ്വദേശി വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ രവീന്ദ്രനാണ് തോട്ടിലൂടെ ഒഴുകുകയായിരുന്ന തപാൽ ഉരുപ്പടികൾ കണ്ടത്.
വീടിന് പിറകുവശത്തെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് സമീപമുള്ള ചേണായി തോടിലൂടെ ഒരു കെട്ട് രേഖകൾ ഒഴുകി വരുന്നതായി ഇദ്ദേഹം കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് പോസ്റ്റോഫീസ് വഴി വിതരണം ചെയ്യേണ്ട തപാൽ ഉരുപ്പടികളാണ് ഇതെന്ന് മനസിലായത്. ആധാർ കാർഡുകൾ, സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ, കത്തുകൾ, മാഗസിനുകൾ തുടങ്ങിയവയാണ് ഒഴുകിയെത്തിയത്.
നനഞ്ഞ രേഖകൾ വീട്ടിൽ കൊണ്ടുവന്ന് ഉണക്കി സൂക്ഷിച്ചുവച്ചിരിക്കുകയാണ് രവീന്ദ്രൻ.പോസ്റ്റോഫീസിൽ നിന്ന് മേൽവിലാസക്കാരിലേക്ക് എത്തേണ്ട അതീവ പ്രാധാന്യമുള്ള രേഖകൾ വരെ എങ്ങനെ തോട്ടിലെത്തി എന്ന കാര്യം വ്യക്തമല്ല.