കരുവാരകുണ്ട് ഫെസ്റ്റിന് ലാഭവിഹിതം ഒന്നര ലക്ഷം
1578951
Saturday, July 26, 2025 6:06 AM IST
കരുവാരകുണ്ട്: കഴിഞ്ഞ ജനുവരിയിൽ നടത്തിയ കരുവാരകുണ്ട് ഫെസ്റ്റിൽ ലാഭവിഹിതമായി 1.29 ലക്ഷം രൂപ ലഭിച്ചതായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, ഫെസ്റ്റ് കണ്‍വീനർ നുഹ്മാൻ പാറമ്മൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബഡ്സ് സ്കൂളിന് കെട്ടിടത്തിന് സ്ഥലം വാങ്ങിയതിലെ ബാധ്യത തീർക്കാൻ വേണ്ടിയാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. 5.4 ലക്ഷം രൂപ വരവും 4.1 ലക്ഷം രൂപ ചെലവുമുണ്ടായി. പത്ത് ലക്ഷം രൂപയോളം ലാഭം പ്രതീക്ഷിച്ചെങ്കിലും ഫെസ്റ്റ് വേണ്ടത്ര വിജയിച്ചില്ലെന്നും നടത്തിപ്പ് ഏറ്റെടുത്ത കരാറുകാരന് വൻ ബാധ്യത വന്നു എന്നും ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ഫെസ്റ്റിലെ ലാഭവിഹിതം വിനിയോഗിച്ച് ബഡ്സ് സ്കൂളിന് 30 സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഈ ഭൂമിയിൽ കെട്ടിടം നിർമിക്കാൻ വാർഷിക പദ്ധതിയിൽ തുക നീക്കിവച്ചിട്ടുണ്ട്.
ഇതിന്റെ നിർമാണ പ്രവൃത്തി ഉടനെ ആരംഭിക്കും. സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഉമ്മർ, അംഗം വി.സി. ഉണ്ണികൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.