കനത്ത മഴ: നിരവധി വീടുകൾക്ക് നാശനഷ്ടം
1579436
Monday, July 28, 2025 5:22 AM IST
കൂടരഞ്ഞി: കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലുണ്ടായ മിന്നൽ ചുഴലിയിൽ വൻ നാശനഷ്ടം. വീട്ടിപ്പാറ രണ്ടിടങ്ങളിലായി മരം കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു.പൂവാറൻതോട് ലിസ വളവിനോട് ചേർന്ന് മരം വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടു.
തിരുവമ്പാടിയിൽ തുമ്പച്ചാൽ വയലാമണ്ണിൽ ചാക്കോയുടെ വീടിന് മുകളിൽ മരങ്ങൾ വീണ് മേൽക്കൂര തകർന്നു. വൈദ്യുതി കമ്പികൾക്ക് മുകളിലും മരങ്ങൾ വീണു. പ്രദേശത്ത് വൈദ്യുതി നിലച്ചു. എംഎൽഎ ലിന്റോ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു.
മേപ്പയ്യൂർ: ശനിയാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റിൽ മേപ്പയ്യൂർ മേഖലയിൽ നാശനഷ്ടം. കേളോത്ത് ബാലകൃഷ്ണന്റെ വീടിനു മുകളിൽ തെങ്ങ് വീണു. കീഴ്പ്പയ്യൂർ പാറച്ചാലിൽ ലീലയുടെ വീടിനും മരം വീണ് തകരാർ സംഭവിച്ചു. ഇല്ലത്ത് അബ്ദുറഹിമാന്റെ മൂന്ന് തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകി വീണു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ സ്ഥലം സന്ദർശിച്ചു.
ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കൊയിലാണ്ടി: ശക്തമായ മഴയില്‍ കൊയിലാണ്ടി നഗരസഭയിലെ കുറ്റിനിലം പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പന്തലായനി കോതമംഗലം ഗവ. എല്‍ പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. മൂന്നു കുടുംബങ്ങളിലെ നാലുപുരുഷന്മാരും അഞ്ച് സ്ത്രീകളുമാണ് ക്യാമ്പിലുള്ളത്.
ശക്തമായ മഴയെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയിലാണ് ക്യാമ്പ് തുറന്നത് .ജില്ലയിലെ എല്ലാ താലൂക്കുകളിലും ശനിയാഴ്ച ശക്തമായ മഴപെയ്തു. മഴയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 41 വീടുകള്‍ ഭാഗികമായും തകര്‍ന്നു.