സെന്‍ട്രല്‍ മാര്‍ക്കറ്റ് പുനര്‍നിര്‍മാണം: ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മേയര്‍
1579736
Tuesday, July 29, 2025 7:54 AM IST
കോഴിക്കോട്: സെന്‍ട്രല്‍ മാര്‍ക്കറ്റ് പുനര്‍നിര്‍മിതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്ന് മേയര്‍ ഡോ. ബീനാ ഫിലിപ്പ്. നിലവിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും മികച്ച തൊഴിലിടം സൃഷ്ടിക്കുന്നതിനുമായാണ് സെന്‍ട്രല്‍ മാര്‍ക്കറ്റ് പൊളിച്ചു മാറ്റി അന്താരാഷ്ട്ര നിലവാരത്തില്‍ പുതുക്കി നിര്‍മ്മിക്കുന്നതിന് കോര്പറേഷന് ലക്ഷ്യമിട്ടതെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനായി പ്രാഥമിക ഡ്രോയിംഗുകള്‍ തയാറാക്കി പദ്ധതി സര്‍ക്കാര്‍ അംഗീകാരത്തിന് സമര്‍പ്പിച്ച് ആവശ്യമായ ഫണ്ട് ലഭ്യമാക്കി. തുടര്‍ന്ന് പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുന്നതിന് മുമ്പായി സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടത്തിലെ കച്ചവടക്കാരുടെയും തൊഴിലാളികളുടെയും സംഘടനാ പ്രതിനിധികളുമായി വിവിധ ഘട്ടങ്ങളിലായി ചര്‍ച്ച നടത്തി.
പുതുക്കി നിര്‍മിക്കുന്ന മാര്‍ക്കറ്റിന്റെ രൂപരേഖ സംബന്ധിച്ച് വിശദീകരിക്കുന്നതിനും മാര്‍ക്കറ്റില്‍ ഉള്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച് അവരുടെ അഭിപ്രായം ആരായുന്നതിനും അതനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനുമായിരുന്നു ഇത്തരത്തില്‍ യോഗം വിളിച്ചു ചേര്‍ത്തത്. എങ്കിലും ചില തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ തൊഴിലാളികളിലും കച്ചവടക്കാരിലും ആശങ്ക സൃഷ്ടിക്കുന്ന വിധത്തില്‍ പടരുന്നതായി ശ്രമേയര് പറഞ്ഞു.
സെന്‍ട്രല്‍ മാര്‍ക്കറ്റ് പുനര്‍നിര്‍മ്മാണ പ്രവൃത്തിക്കായി 55 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.സര്‍ക്കാര്‍ അനുമതി ലഭ്യമായ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് മേയറുടെയും ഡെപ്യൂട്ടി മേയറുടെയും സ്ഥിരം സമിതി ചെയര്മാന്മാരുടെയും കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മുഴുവന്‍ കച്ചവടക്കാരുടെയും പ്രതിനിധികളുമായി മൂന്ന് വട്ടം ചര്‍ച്ച നടത്തി.
ഇതില്‍ മത്സ്യ മൊത്തകച്ചവടം, ചില്ലറ വ്യാപാരം, ഉണക്ക മത്സ്യകച്ചവടം, മാര്‍ക്കറ്റിലെ കടമുറികളില്‍ കച്ചവടം ചെയ്യുന്നവര്‍, ചിക്കന്‍ മീറ്റ് സ്റ്റാള്‍, ഫിഷ് കട്ട് ചെയ്യുന്നവര്‍, ഹെഡ് ലോഡേഴ്സ് എന്നിങ്ങനെ എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടത്തിയതെന്ന് അവര്‍ പറഞ്ഞു.