കെട്ടിടങ്ങള്‍ക്ക് അനധികൃത നമ്പര്‍ നല്കിയ കേസ്:സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കാണും
1580093
Thursday, July 31, 2025 5:32 AM IST
കോഴിക്കോട്: കോര്പ്പറേഷന് റവന്യൂ ഉദ്യോഗസ്ഥരുടെ യൂസര്‍ ഐഡിയും പാസ്വേഡും ചോര്‍ത്തി വ്യാജരേഖയുണ്ടാക്കി നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് അനധികൃത നമ്പര്‍ നല്കിയ കേസില്‍ നടപടി വൈകുന്നതുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കാണും.
ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ മുസ്ലിംലീഗിലെ കെ.മൊയ്തീന്‍കോയയുടെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് മേയര്‍ ഡോ. ബീനാഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 ജൂണ്‍ 18 നാണ് കെട്ടിട നമ്പര്‍ തട്ടിപ്പിനെ കുറിച്ച് പുറത്തറിയുന്നത്. ലോക്കല്‍ പോലിസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും തുടര്‍ന്ന് വിജിലന്‍സും കേസ് അന്വേഷിച്ചെങ്കിലും ഇതുവരേയും കുറ്റപത്രം സമര്പ്പിച്ചിട്ടിന്നെും മൊയ്തീന്‍കോയ പറഞ്ഞു. ഓഗസ്റ്റില്‍ തന്നെ മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു.
വലിയങ്ങാടി സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ വേണ്ടെന്നും തൊഴിലാളികളുടെ പ്രശങ്ങള്‍ പരിഹരിച്ചു നിര്‍മാണവുമായി മുന്നോട്ട് പോകുമെന്നും കോര്പ്പറേഷന് കൗണ്‍സില്‍ യോഗം വ്യക്തമാക്കി.
മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്ന് പരുക്കേറ്റ വിദ്യാര്‍ഥിനിയ്ക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ പറഞ്ഞു.കുടുംബത്തിന് ചെലവില്ലാത്ത വിധത്തില്‍ ചികിത്സ ഉറപ്പാക്കും. ബസ് കാത്തിരിപ്പ് കേന്ദ്രം പരിപാലിക്കുന്ന കരാര്‍ കമ്പനി പ്രാഥമികമായുള്ള ചെലവുകള്‍ വഹിച്ചിട്ടുണ്ട്.
ശസ്ത്രക്രിയാ ചെലവും മറ്റു ചികിത്സയും നടത്താനുള്ള സംവിധാനവും ഉറപ്പാക്കും. രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സ ആവശ്യമായി വരുമെന്നാണ് വിവരം. തുടര്‍ന്നുള്ള ചികിത്സയും കോര്പ്പറേഷന് ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.