ലഹരിയിൽ നിന്ന് പുതുതലമുറയെ രക്ഷിക്കേണ്ടത് അനിവാര്യം: മാർ ഇഞ്ചനാനിയിൽ
1580094
Thursday, July 31, 2025 5:32 AM IST
താമരശേരി: ലഹരിയുടെ മാരക ദുരന്തങ്ങളിൽ നിന്ന് പുതുതലമുറയെ രക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. താമരശേരി രൂപതാ വ്യക്തിത്വ വികസന ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ശിൽപശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
പുതിയ രൂപ ഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ലഹരി വസ്തുക്കളുടെ ചതിക്കുഴികളിൽ പെടാതിരിക്കാനുള്ള വിവേകം കുട്ടികൾക്ക് ഉണ്ടാകണം. അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഇക്കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
താമരശേരി രൂപതാ ലഹരി വിരുദ്ധ സമിതിയുടെയും കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെയും ആഭിമുഖ്യത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ് ഡയറക്ടർമാരുടെ കൗൺസിലിംഗ് പരിശീലനവും ക്ലബ് ഭാരവാഹികളുടെ നേതൃത്വപരിശീലന ക്യാമ്പും നടന്നു.
രൂപതാ പ്രസിഡന്റ് കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സമിതി രൂപതാ ഡയറക്ടർ ഫാ. ജിന്റോ മച്ചുകുഴി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ജോളി ഉണ്ണിയേപ്പിള്ളിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റോയ് ജോസ് മുരിക്കോലിൽ, ടി.ടി. തോമസ്, ഏബ്രഹാം മണലോടി, വി.കെ. മത്തായി, സിസ്റ്റർ ഗീത, കെ.സി. ജോസഫ്, ടി.ജെ. സണ്ണി, കെ.സി.ടോമി തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ സ്കൂളുകളിൽ നിന്ന് ഇരുന്നൂറ്റി അമ്പതോളം പ്രതിനിധികൾ പങ്കെടുത്തു. ഫാ. സായി പാറൻ കുളങ്ങര, മാത്യു മേൽവെട്ടം, സന്ദീപ് കളപ്പുരക്കൽ, ടി.ടി. തോമസ്, റോയ് ജോസ്, ജോളി ഉണ്ണിയേപ്പിള്ളിൽ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു.