മലയോര ഹൈവേ : ചക്കിട്ടപാറ ടൗണിൽ പണി വീണ്ടും നാട്ടുകാർ തടഞ്ഞു
1580095
Thursday, July 31, 2025 5:32 AM IST
വ്യാപാരി പ്രസിഡന്റിനു ഭീഷണിയും കടകളിൽ മിന്നൽ പരിശോധനയും
പേരാമ്പ്ര: മൂന്ന് മാസം മുമ്പ് നാട്ടുകാർ തടഞ്ഞ ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ പ്രവർത്തി ഇന്നലെ രാവിലെ വീണ്ടും തടഞ്ഞു.
റോഡിന്റെ വീതി അളവ് നിർണയം സംബന്ധിച്ച തർക്കമാണ് പ്രശ്ന കാരണം. ഇത് പരിഹരിക്കാൻ താലൂക്ക് സർവെയർമാർ നാലു തവണ റോഡിൽ അളന്നു. ഓരോ പ്രാവശ്യവും വ്യത്യസ്ത അളവാണ് രേഖപ്പെടുത്തിയത്.
12 മീറ്റർ വീതിയാണ് മലയോര ഹൈവേ നിർമിക്കാൻ വേണ്ടത്. നാല് തവണ അളന്നിട്ടും 12 മീറ്റർ വീതി കണ്ടെത്താനായില്ല. ചൊവ്വാഴ്ച പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലും കരാറുകാരും വന്ന് റോഡിന്റെ വീതി അളന്നു.
ഇത് പ്രകാരം മുമ്പ് പണി ആരംഭിച്ചതും പിന്നീട് തടഞ്ഞതുമായ ഭാഗത്ത് ഇന്നലെ മുതൽ പണി വീണ്ടും ആരംഭിക്കുമെന്ന് പ്രസിഡന്റ് വ്യാപാരികളെ അറിയിച്ചിരുന്നു. അതേ സമയം ടൗണിൽ റോഡിന്റെ യഥാർത്ഥ വീതി സംബന്ധിച്ച് കൃത്യമായ രേഖകളുണ്ടെന്നും ഇത് മറച്ച് വച്ച് റോഡ് കൈയ്യേറിയവരെ സംരംക്ഷിക്കാനുള്ള അളവും വീതി നിർണയ നീക്കവും അനുവദിക്കില്ലെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടേയും നിലപാട്.
ഇന്നലെ പണി തടഞ്ഞതറിഞ്ഞ് ചിലർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി. പണി തടഞ്ഞാൽ ഇന്ന് മുതൽ ചക്കിട്ടപാറയിലെ ഒറ്റ കടകളും തുറക്കാൻ സമ്മതിക്കില്ലെന്നാണ് ഭീഷണി.
മലയോര ഹൈവേ പ്രവർത്തി നാട്ടുകാരോടൊപ്പം വ്യാപാരികളും ചേർന്ന് തടഞ്ഞതിനു പിന്നാലെ ടൗണിലെ കടകളിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് വിൽപന തടയുന്നതിനുള്ള പരിശോധനയാണ് നടത്തിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇതിനെതിരേ വ്യാപാര സമൂഹം കടുത്ത പ്രതിഷേധത്തിലാണ്. പ്രവർത്തികളെക്കുറിച്ച് ആലോചിക്കുന്നതിനായി ഇന്ന് രാവിലെ 9.30 ന് പഞ്ചായത്ത് ഹാളിൽ ചക്കിട്ടപാറ ടൗണിലെ കച്ചവടക്കാരുടെ യോഗം ചേരുമെന്ന് പ്രസിഡന്റ് കെ. സുനിൽ അറിയിച്ചു.