പന്നിയങ്കര-പന്തീരാങ്കാവ് റോഡ് സർവേ പൂർത്തിയായി
1580089
Thursday, July 31, 2025 5:32 AM IST
കോഴിക്കോട്: കേരള റോഡ്സ് ഫണ്ട് ബോർഡിന്റെ നഗരവികസന പദ്ധതിയിലുൾപ്പെടുത്തി വീതികൂട്ടി പുനർനിർമിക്കുന്ന പന്നിയങ്കര–തിരുവണ്ണൂർ- മീഞ്ചന്ത–പന്തീരാങ്കാവ് റോഡിന്റെ സർവേ പൂർത്തിയായി. 25 മീറ്റർ ഇടവിട്ട് സർവേ കല്ലുകൾ പാകി. 18 മീറ്റർ വീതിയിൽ 7.075 കിലോമീറ്റർ നീളത്തിലാണ് റോഡ് നവീകരണം.
ഇതിനായി 83.94 കോടി രൂപ സർക്കാർ വകയിരുത്തി. ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകി ആറര ഹെക്ടർ ഭൂമി ഏറ്റെടുക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് സർവേ നടത്തിയത്.
തുടർ നടപടി ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കലക്ടറുടെ വിജ്ഞാപനത്തിനുശേഷം ഭൂമി ഏറ്റെടുക്കും. തുടർന്ന് പദ്ധതിരേഖ തയ്യാറാക്കി നിർമാണം ആരംഭിക്കും. പന്നിയങ്കര, ചെറുവണ്ണൂർ, ഒളവണ്ണ, പന്തീരാങ്കാവ് വില്ലേജുകളിൽനിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്.
ഒന്നാം റീച്ചായ പന്നിയങ്കരമുതൽ- തിരുവണ്ണൂർ ബൈപാസുവരെയുള്ള 1.1 കിലോമീറ്റർ പാതയ്ക്കായി പന്നിയങ്കര വില്ലേജിൽനിന്ന് ഭൂമി ഏറ്റെടുക്കും. തിരുവണ്ണൂർ ബൈപസിലൂടെയും പിന്നീട് കുറച്ച് ദൂരം വട്ടക്കിണർ- രാമനാട്ടുകര ഹൈവേയിലൂടെയും ചേർന്നുപോകുന്ന റോഡിന്റെ പിന്നീടുള്ള തുടർച്ച രണ്ടാം റീച്ചായ അരീക്കാട്ടുനിന്നാണ്. അരീക്കാട്, നല്ലളം, ഒളവണ്ണ, കൊടിനാട്ടുമുക്ക്, ചാത്തോത്തറ വഴി പന്തീരാങ്കാവിലേക്ക് എത്തുംവിധമാണ് റോഡ് വീതികൂട്ടുന്നത്.
വീതികൂട്ടി പുനർനിർമിക്കുന്ന പന്നിയങ്കര-പന്തീരാങ്കാവ് റോഡ് വേഗത്തിൽ യാഥാർഥ്യമാക്കാൻ നിർദേശങ്ങൾ നൽകി. ഭൂമി ഏറ്റെടുക്കൽ വിപുലമായ നടപടിയാണ്. മതിയായ നഷ്ടപരിഹാരം നൽകിയായിരിക്കും ഏറ്റെടുക്കുക. 18 മീറ്റർ വീതിയിൽ നാലുവരി ബൈപാസായി രൂപപ്പെടുന്നതോടെ ദേശീയപാതയിലെ ഗതാഗതം സുഗമമാകും.