കുളത്തുവയല്‍ സ്കൂളിലെ വിദ്യാര്‍ഥി സമരം: നാളെ സര്‍വകക്ഷി യോഗം
1579738
Tuesday, July 29, 2025 7:56 AM IST
ചക്കിട്ടപാറ: പഠനത്തിലും പാഠ്യേതര തലത്തിലും മികവു പുലര്‍ത്തുന്ന കുളത്തുവയല്‍ സെന്റ് ജോര്‍ജ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ തുടര്‍ച്ചയായ വിദ്യാര്‍ഥി സമരങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ നടപടി ആവശ്യപ്പെട്ട് പി.ടി.എ. രംഗത്ത്.
പ്രശ്നം പരിഹരിക്കാന്‍ സഹായം തേടിയതിന്റെ അടിസ്ഥാനത്തില്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ബന്ധപ്പെട്ടവരുടെ യോഗം പ്രസിഡന്റ് കെ.സുനിലിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. മുന്‍ കാലങ്ങളില്‍ സമരത്തിനായി ഒരു മണിക്കൂര്‍ നല്‍കിയിരുന്നതായി പ്രസിഡന്റ് പറഞ്ഞു.
പിന്നീട് അതിനു മാറ്റം വന്നു. സമരമുള്ളപ്പോള് ദിവസം മുഴുവന്‍ വിദ്യാലയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. ഈ വര്‍ഷം തന്നെ നാല് അധ്യയന ദിനങ്ങള്‍ സമരം കാരണം ഇതിനോടകം നഷ്ടമായതായി പ്രിന്‍സിപ്പാള്‍ കെ.പി.ജോസ്, പ്രധാനാധ്യാപകന് ഫ്രാന്‍സീസ് സെബാസ്റ്റ്യന്‍, സ്റ്റാഫ് സെക്രട്ടറി ഫാ. രാജേഷ് മാത്യു, പി.ടി.എ. പ്രസിഡന്റ് വി.ഡി.പ്രേംരാജ് എന്നിവര്‍ പറഞ്ഞു. ഇത് സ്കൂളിന്റെ അക്കാഡമിക് മികവിനെ ബാധിക്കുമെന്നും രക്ഷിതാക്കള്‍ അതാഗ്രഹിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കുള്ള അവകാശം പോലെ തന്നെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നഷ്ടപ്പെടാതെയുള്ള സമീപനവും തീരുമാനവുമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന് യോഗത്തില്‍ സംബന്ധിച്ച രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ റെജി കോച്ചേരി, വി.വി.രാജന്, രാജന് വര്‍ക്കി എന്നിവര്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ സമരം ചെയ്താണ് സമൂഹത്തിന്റെ ഭാഗമാകേണ്ടതെന്നാണ് കെ.എസ്.യു, എസ്.എഫ്.ഐ നേതാക്കള്‍ യോഗത്തില്‍ പറഞ്ഞത്.
മുമ്പ് അനുവദിച്ച ഒരു മണിക്കൂര്‍ സമയമോ അതില്‍ കൂടുതലോ ധാരണയാക്കി പ്രശ്നം പരിഹരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞെങ്കിലും വിദ്യാര്‍ഥി യൂണിയന് നേതാക്കള്‍ ഇത് അംഗീകരിക്കുന്നില്ലെന്നു വ്യക്തമാക്കി. പഠനം മുടക്കി ദിവസം മുഴുവന്‍ സമരത്തിന് നല്കാന് പറ്റില്ലെന്നു പ്രസിഡന്റും മറ്റുള്ളവരും നിലപാടെടുത്തു.
ഈ സാഹചര്യത്തില്‍ നാളെ കാലത്ത് 11 ന് കുളത്തുവയല്‍ സ്കൂളില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കുമെന്ന് കെ. സുനില്‍ അറിയിച്ചു.