വൈറല്‍ പനിയും ഡെങ്കിയും മഞ്ഞപ്പിത്തവും പിടിമുറുക്കുന്നു
1581708
Wednesday, August 6, 2025 5:26 AM IST
മഴക്കാല രോഗങ്ങള്‍ വര്‍ധിക്കുന്നു
കോഴിക്കോട്: മഴ കനത്തതോടെ ജില്ലയില്‍ വൈറല്‍ പനിയും ഡെങ്കിയും മഞ്ഞപ്പിത്തവും പിടിമുറുക്കുന്നു. മഴയ്ക്ക് പിന്നാലെ വെള്ളക്കെട്ട് ഉയര്‍ന്നതോടെ പകര്‍ച്ചവ്യാധികളും വര്‍ധിച്ചു. പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ ദിനംപ്രതി കൂടുകയാണ്.
ദിവസവും ആയിരത്തിനു മുകളില്‍ രോഗികളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടുന്നത്. പനി, ശരീര വേദന, തലവേദന, ഛര്‍ദ്ദി, വയറിളക്കം, തലചുറ്റല്‍ തുടങ്ങിയ ലക്ഷണങ്ങളുമായാണ് പലരും ആശുപത്രികളിലെത്തുന്നത്. വൈറല്‍ പനിയാണ് പലര്‍ക്കും.
ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് ഒന്ന് വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനിബാധിച്ച് ചികിത്സ തേടിയത് 28,731 പേരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്കെടുത്താല്‍ ഇതിനും ഇരട്ടിയാകും.
പനി കേസുകള്‍ വര്‍ധിച്ചതോടെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡുകള്‍ പനി ബാധിതരെക്കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. മെഡിക്കല്‍ കോളജ് അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്ക കിട്ടാതെ വരാന്തകളില്‍ വരെ രോഗികള്‍ കിടക്കുന്നുണ്ട്.
സ്കൂളില്‍ നിന്ന് കുട്ടികള്‍ക്ക് വ്യാപകമായി പനി പടരുന്ന സാഹചര്യവും ഉണ്ട്. അതിനാല്‍ തന്നെ തലവേദന, പനി, ചുമ, ജലദോഷം തുടങ്ങിയവ അനുഭവപ്പടുന്ന കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് സ്കൂള്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പനിക്ക് പുറമെ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. 250ലധികം കേസുകളാണ് ഈ മാസം മാസം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മലിനമായ വെള്ളത്തിലൂടെയാണ് പ്രധാനമായും മഞ്ഞപ്പിത്തം പടരുന്നത്. കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ശാസ്ത്രീയമായ ചികിത്സ തേടിയില്ലെങ്കില്‍ മരണത്തിന് വരെ മഞ്ഞപ്പിത്തം കാരണമായേക്കാം. കൃത്യമായ വിശ്രമവും രോഗശമനത്തിന് അനിവാര്യമാണ്. 148ലേറെ പേര് ഡെങ്കിപ്പനിയെ തുടര്‍ന്നും ചികിത്സ തേടിയിട്ടുണ്ട്.
തിരുവണ്ണൂര്‍, കിഴക്കോത്ത്, നാദാപുരം, ചീക്കിലോട്, വളയം, തൂണേരി, വാണിമേല്‍, ചെറുവണ്ണൂര്‍, ഒളവണ്ണ, തിക്കോടി, ആയഞ്ചേരി, മേലടി മേഖലകളിലാണ് ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിസര ശുചീകരണത്തില്‍ ഉള്‍പ്പെടെ പുലര്‍ത്തുന്ന അലംഭാവം ഡെങ്കി കൊതുകള്‍ പെരുകുന്നതിന് വഴിയൊരുക്കുന്നുണ്ട്. മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥ നിലനില്ക്കുന്നതും ഡെങ്കി കൊതുകുകളുടെ വ്യാപനത്തിന് അനുകൂലമാണ്.
ജില്ലയില്‍ ഈ മാസം ഇതുവരെ എലിപ്പനി ബാധിച്ച് നാല് മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.കാരശേരി, തിരുവങ്ങൂര്‍, പെരുമണ്ണ, ചാലിയം സ്വദേശികളാണ് മരണപ്പെട്ടത്. 19 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. പനി, പേശിവേദന, തലവേദന, വയറുവേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിച്ചാല്‍ കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം എന്നിവയെ ബാധിക്കും.