താമരശേരിയിലെ സാരിവേലി സമരം : സംഘാടക സമിതി അവലോകനയോഗം ചേര്‍ന്നു
1581709
Wednesday, August 6, 2025 5:26 AM IST
കോടഞ്ചേരി: ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണമെന്ന മുദ്രാവാക്യവുമായി ഒന്‍പതിന് താമരശേരി ഫോറസ്റ്റ് ഓഫീസിലേക്ക് കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൗരവേലി വഞ്ചനക്കെതിരേയുള്ള സാരിവേലി സമരപരമ്പരയുമായി ബന്ധപ്പെട്ട് സംഘാടക സമിതി അവലോകനയോഗം ചേര്‍ന്നു. സമരപരമ്പരയുടെ ഭാഗമായി നടത്തുന്ന അതിജീവന പ്രതിഷേധ റാലിയുടെയും ധര്‍ണയുടെയും സംഘാടന ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി.
കോടഞ്ചേരി സെന്റ് മേരീസ് പള്ളി പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗം കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പില്‍ അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളിയില് മുഖ്യ പ്രഭാഷണം നടത്തി. കോടഞ്ചേരി, തിരുവമ്പാടി, താമരശേരി മേഖലകളിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്തു.
സംഘാടകസമിതി ചെയര്മാന് ജോബിഷ് തുണ്ടത്തില്‍, ജനറല്‍ കണ്‍വീനര്‍ ബിനോയ് അടക്കാപ്പാറ, ബിബിന്‍ കുന്നത്ത്, ഷാജു കരിമടം, ടോമി ചക്കിട്ടമുറി, ഷില്ലി സെബാസ്റ്റ്യന്‍, ജോസഫ് പുലക്കുടി, രാജു മംഗലശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.