കോഴി വിഭവങ്ങളുമായി കേരള ചിക്കന്‍ സ്റ്റോര്‍ കോഴിക്കോട്ടും
1581710
Wednesday, August 6, 2025 5:26 AM IST
കോഴിക്കോട്: കോഴിക്കാല്, ബിരിയാണി, കറികഷ്ണങ്ങള് എന്നിങ്ങനെ ശിതീകരിച്ച ഉല്‍പ്പന്നങ്ങള്‍ കേരള ചിക്കന്‍ വിപണിയിലിറക്കി. ജില്ലയിലെ നടുവണ്ണൂര്‍, ഉള്ളിയേരി എന്നിവിടങ്ങളിലുള്ള ഷോപ്പുകളിലാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. ആവശ്യക്കാര്‍ ഏറെയായാല്‍ ജില്ലയിലെ കൂടുതല്‍ കേരള ചിക്കന്‍ ഔട്ട്ലെറ്റുകളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കും.
കൂടുതല്‍ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ കോഴിയിറച്ചി ഉപഭോക്താക്കള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.ചിക്കന്‍ കറി കഷ്ണങ്ങള്‍ 900 ഗ്രാം, 450 ഗ്രാം എന്നീ അളവുകളില്‍ ലഭിക്കും. 900 ഗ്രാമിന്റെ പാക്കിന് 299 രൂപയും 450 ഗ്രാമിന് 180 രൂപയുമാണ് വില. കോഴിക്കാല് അഞ്ച് എണ്ണത്തിന് 210 രൂപയും എല്ല് ഒഴിവാക്കിയുള്ള ചെസ്റ്റ് പീസിന് 450 ഗ്രാമിന് 230 രൂപയുമാണ് വില.
നിലവില്‍ തിരുവനന്തപുരത്താണ് കേരള ചിക്കന്റെ ശിതീകരിച്ച ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്നത്. ഇത് മറ്റ് ജില്ലകളില്‍ എത്തിച്ചാണ് വില്‍പ്പന. കോഴി കര്‍ഷകരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2019 ലാണ് സംസ്ഥാന സര്‍ക്കാര്‍ കടുംബശ്രീ വഴി കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകര്‍ക്കാണ് ഫാമിന്റെയും ഔട്ട്ലന്റിന്റെയും നടത്തിപ്പ് ചുമതല.
സംസ്ഥാനത്ത് പ്രതിദിനം ശരാശരി 50 ടണ്‍ ചിക്കന്‍ വില്‍പ്പന കേരള ചിക്കന്‍ ഔട്ട്ലറ്റുകള് വഴി നടക്കുന്നുണ്ട്. കൂടുതല്‍ വില്‍പ്പന കോഴിക്കോട് ജില്ലയിലാണ്. പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലയില്‍ ഹോട്ട്ഡോഗ്, നഗട്സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളും കുടുംബശ്രീ വൈകാതെ ജില്ലയില്‍ വിപണത്തിന് എത്തിക്കും. ചില്‍ഡ് ചിക്കനും ഫ്രോസണ്‍ ചിക്കനും പദ്ധതിയിലുണ്ട്.
കേരള ചിക്കന്‍ സംസ്ഥാനത്ത് 446 ഫാമുകളും 140 ഔട്ട്ലെറ്റുകളുമാണ് ഉള്ളത്. ഇതില്‍ ജില്ലയില്‍ കേരള ചിക്കന്‍ 56 ഫാമുകളുണ്ട്. 19 ഔട്ട്ലറ്റുകളും. കേരള ചിക്കന്‍ ഔട്ട്ലറ്റുകള് വഴി മാര്‍ക്കറ്റ് വിലയേക്കാള്‍ വില കുറച്ചാണ് കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.