ഷവര്‍മ നിര്‍മാണം: ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി
1581711
Wednesday, August 6, 2025 5:26 AM IST
കോഴിക്കോട്: ഷവര്‍മ നിര്‍മാണത്തിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ഷവര്‍മ നിര്‍മാണ സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തിപ്പെടുത്തി. കോഴിക്കോട് ടൗണ്‍, കൊടുവള്ളി, കുന്നമംഗലം, എലത്തൂര്‍, വടകര എന്നീ മേഖലകളില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
പരിശോധനയില്‍ ഷവര്‍മ നിര്‍മാണത്തിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചെറിയ ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് അവ പരിഹരിക്കുന്നതിനുള്ള നോട്ടീസ് നല്കി. വലിയ ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ അടയ്ക്കുന്നതിനുള്ള നോട്ടീസ് നല്കി.
ഇറച്ചി, മുട്ട, ഇറച്ചി വിഭവങ്ങള്‍ മുതലായവ റിസ്ക് കാറ്റഗറിയില്‍ വരുന്ന ഭക്ഷ്യവസ്തുക്കള്‍ ആയതിനാല്‍ അവ വളരെ ശ്രദ്ധയോടുകൂടിയും വൃത്തിയായും പരിപാലിക്കേണ്ടതും പാചകം ചെയ്യേണ്ടതുമാണെന്ന് ഭകഷ്യസുരക്ഷാവകുപ്പ് അറിയിച്ചു.
അല്ലെങ്കില്‍ ഭക്ഷ്യവിഷബാധ പോലുളള അപകടങ്ങള്‍ സംഭവിക്കാം. പച്ച മുട്ടയില്‍ കാണപ്പെടുന്ന സാല്‍മോണല്ല പോലുള്ള ബാക്ടീരിയകള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും എന്ന് കണ്ടെത്തിയതിനാലാണ് പച്ച മുട്ട ഉപയോഗിച്ച് മയോണൈസ് നിര്‍മിക്കുന്നത് നിരോധിച്ചിട്ടുളളത്.
മുട്ടകള്‍ പാസ്റ്ററൈസ് ചെയ്തതിനുശേഷം മാത്രമേ മയോണൈസ് നിര്‍മാണത്തിന് ഉപയോഗിക്കാന്‍ പാടുള്ളൂ .60 ഡിഗ്രി സെല്‍ഷ്യസില്‍ മൂന്നു മുതല്‍ അഞ്ചു മിനിറ്റ് വരെ ചൂടായി കഴിഞ്ഞാല്‍ മുട്ടയില്‍ കാണപ്പെടുന്ന ഇത്തരം ബാക്ടീരിയല്‍ നശിക്കും. അതോടൊപ്പം തന്നെ ഇറച്ചി ലഭിച്ച ഉടനെ വളരെ നന്നായി കഴുകുകയും മസാല പുരട്ടി ഫ്രീസറില്‍ സൂക്ഷിക്കുകയും വേണം.
രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഇറച്ചി സാധാരണ ഊഷ്മാവില്‍ ഇരുന്നാല്‍ കേടാകും. ഹോട്ടലുടമകള്‍ ഇത്തരം കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമ്മീഷണര്‍ പി.കെ. സക്കീര്‍ ഹുസൈന് അറിയിച്ചു.