മലയോരത്ത് അതിശക്തമായ മഴ; ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി
1581712
Wednesday, August 6, 2025 5:26 AM IST
വിലങ്ങാട്: മലയോരത്ത് അതിശക്തമായ മഴ. നിർത്താതെ പെയ്ത മഴയിൽ നരിപ്പറ്റ പഞ്ചായത്തിലെ കമ്മായി മലയോരത്ത് ഉരുൾ പൊട്ടിയതായി സംശയം. കമ്മായി, തരിപ്പ തോടുകളിൽ മലവെള്ളപ്പാച്ചിലുണ്ടായി.
ചൊവ്വാഴ്ച്ച ഉച്ചയോടെ നാല് മണിക്കൂറോളം മേഖലയിൽ കനത്ത മഴ പെയ്തു. ഇതിന് പിന്നാലെ മലവെള്ളം കുത്തി ഒഴുകുകയായിരുന്നു. ചളി നിറഞ്ഞ കലക്ക് വെള്ളമാണ് പുഴകളിലും തോടുകളിലൂടെയും ഒഴുകിയിറങ്ങിയത്. വിലങ്ങാട് മേഖലയിലെ പുഴകളിലും വെള്ളം ഉയർന്നിട്ടുണ്ട്. വിഷ്ണുമംഗലം ബണ്ട് നിറഞ്ഞ് കവിഞ്ഞൊഴുകി.
ഇതിനിടെ വിലങ്ങാട് പുഴയുടെ ഭാഗമായ വാണിമേൽ പുഴയുടെ പുഴമൂലയിൽ കുളിക്കാനിറങ്ങിയ വളയം സ്വദേശികളായ രണ്ട് പേർ ഒഴുക്കിൽ പെട്ടു. പുഴയിൽ ജല നിരപ്പ് ഉയരുന്നത് കണ്ട് ഒരാൾ നീന്തി രക്ഷപ്പെട്ടെങ്കിലും കൂടെ ഉണ്ടായിരുന്നയാൾ പുഴയിലെ പാറ കൂട്ടങ്ങൾക്കിടയിൽ അകപ്പെട്ട് പോവുകയായിരുന്നു.
ഇവർ ബഹളം വെച്ചതിനെ തുടർന്ന് പ്രദേശത്ത് തട്ട് കടയിൽ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് കയർ എറിഞ്ഞ് കൊടുത്ത് യുവാവിനെ കരക്കെത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാദാപുരം ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.