ചക്കിട്ടപാറ ടൗണിൽ തടസപ്പെട്ട ഹൈവേ നിർമാണം വീണ്ടും തുടങ്ങി
1581722
Wednesday, August 6, 2025 5:41 AM IST
പേരാമ്പ്ര: തടസമുന്നയിച്ചതിനെ തുടർന്ന് രണ്ടര മാസം മുമ്പ് നിർത്തിവച്ച ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ നിർമാണം ഇന്നലെ പുനരാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലും കരാറുകാരും ചേർന്ന് റോഡിന്റെ വീതി ആറാമതും നിർണയിച്ചു പണി തുടങ്ങുകയായിരുന്നു.
സിപിഎം പ്രവർത്തകർ സംഘടിതമായി പ്രസിഡന്റിനൊപ്പം പണിക്ക് കാവൽ നിന്നു. റോഡിന്റെ ഇരു ഭാഗത്തുമുള്ള കെട്ടിടങ്ങളുടെ പാത ഭാഗം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പൊളിക്കാൻ ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയിൽപെട്ട കച്ചവടക്കാരും ബിജെപി പ്രവർത്തകരും അശാസ്ത്രീയമായ നിർമാണത്തിനെതിരേ എത്തിയത് നേരിയ സംഘർഷത്തിനിടയാക്കി. ഇതോടെ പെരുവണ്ണാമൂഴി പോലീസെത്തി നിർമാണത്തിന് സംരക്ഷണം നൽകി.
കടകൾ പ്രവർത്തിക്കുന്ന കെട്ടിട ഭാഗങ്ങൾ പൊളിക്കുന്നതിനു മുമ്പ് തങ്ങൾക്ക് നോട്ടീസ് തന്നിട്ടില്ലെന്നു വ്യാപാരികളും പ്രശ്നം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ബിജെപി നേതാക്കളും പോലീസിനോട് പറഞ്ഞെങ്കിലും പ്രവർത്തി നിർത്തിയില്ല.
ഉച്ചകഴിഞ്ഞ് മൂന്നോടെ കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ റോഡിന്റെ വീതി നിർണയിക്കണമെന്നും അതുവരെ പ്രവർത്തികൾ നിർത്തി വയ്ക്കണമെന്നും ഹൈക്കോടതി നിർദേശം വന്നു.
തുടർന്ന് പണി നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകി.എന്നാൽ ഇതിനെതിരേ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ രംഗത്ത് എത്തുകയും പ്രസിഡന്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് പോലീസ് സംരക്ഷണയിൽ പണി വീണ്ടും തുടരുകയും ചെയ്തു.