അഗ്നിരക്ഷാ സേനയുടെ റീജ്യണല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കരുതെന്ന്
1581725
Wednesday, August 6, 2025 5:41 AM IST
കോഴിക്കോട് : ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വീസ് വകുപ്പിലെ റീജ്യണല്‍ ഫയര്‍ ഓഫീസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള എന്‍ജിഒ അസോസിയേഷന് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ ഓഫീസുകള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് റീജ്യണല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കാനാണു സര്‍ക്കാര്‍ നീക്കം ആരംഭിച്ചിട്ടുള്ളത്. പൊതുജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും ആപത്ഘട്ടങ്ങളില്‍ 24 മണിക്കൂറും രക്ഷാ പ്രവര്‍ത്തനത്തിന് സദാസന്നദ്ധമായിരിക്കുകയും ചെയ്യുന്ന സേനാവിഭാഗത്തിന്റെ മനോവീര്യം സര്‍ക്കാര്‍ തകര്‍ക്കരുതെന്ന് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി ആവശ്യപ്പെട്ടു.
ജനങ്ങളുടെയും നാടിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിന് നാഷണല്‍ ബില്‍ഡിംഗ് കോഡ്, പെട്രോളിയം ആക്ട് ആന്‍ഡ് റൂള്‍സ്, എക്സ്പ്ലോസീവ്, പിപിആര്‍ ആക്ട് എന്നിവ അനുസരിച്ചും പെട്രോള്‍ പമ്പുകള്‍, ഫാക്ടറികള്‍, വെടിമരുന്ന് സംഭരണ കേന്ദ്രങ്ങള്‍, എല്‍പിജി സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഓരോന്നിന്റെയും തരം കണക്കിലെടുത്ത് ഓരോ ജില്ലകളിലും പരിശോധന നടത്തി നിരാക്ഷേപ സാക്ഷ്യപത്രം നല്‍കുന്നത് റീജ്യണല്‍ ഫയര്‍ ഓഫീസില്‍ നിന്നാണ് .
ആശുപത്രികള്‍, സ്കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പ്രവര്‍ത്തന ക്ഷമമാണോ എന്ന് ഉറപ്പു വരുത്തി സാക്ഷ്യപത്രം നല്കി വരുന്നതും റീജിയണല്‍ ഫയര്‍ ഓഫീസില്‍ നിന്നാണ്.
ജീവനക്കാരുടെ നിയമനം, പരിശീലനം, നിലവിലുള്ള ജീവനക്കാരുടെ സേവന സംബന്ധമായ ഒട്ടനവധി കാര്യങ്ങള്‍ തുടങ്ങി നിരവധിയായ സുപ്രധാനമായ ജോലി ഓരോ റീജ്യണല്‍ ഓഫീസുമായി ബന്ധപ്പെട്ട് നിലവിലുണ്ടെന്ന് പ്രേം നാഥ് മംഗലശ്ശേരി പറഞ്ഞു.