പാൽ സംഭരണവില വർധിപ്പിക്കണം: പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ
1580126
Thursday, July 31, 2025 6:00 AM IST
കൽപ്പറ്റ: ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നസാഹചര്യത്തിൽ പാൽ സംഭരണ വില അടിയന്തരമായി വർധിപ്പിക്കണമെന്ന് പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്പാദനച്ചെലവിനൊത്ത വില ലഭിക്കുന്നില്ലെങ്കിൽ കർഷകർക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല.
ക്ഷീരവൃത്തി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്. പുതുതായി ആരും ക്ഷീരമേഖലയിലേക്കു കടന്നുവരുന്നില്ല. പാൽ ഉത്പാദനത്തിൽ 25 മുതൽ 30 വരെ ശതമാനം കുറവുണ്ടായി. ഫാമുകൾ ഉള്ളതുകൊണ്ട് മാത്രമാണ് പല സംഘങ്ങളും മുന്നോട്ടുപോകുന്നത്.
നിത്യോപയോഗത്തിലുള്ളതിൽ പല സാധനങ്ങളുടെയും വില 100 മുതൽ 200 വരെ ശതമാനം വർധിച്ചു. എന്നാൽ പാൽ സംഭരണവില മാത്രം കൂടിയില്ല. ഇതു സംസ്ഥാനത്തെ 10 ലക്ഷത്തിൽപരം ക്ഷീരകർഷകരെ സംബന്ധിച്ച് സങ്കടകരമാണ്.പാൽ ഉത്പാദനച്ചെലവിൽ വലിയ വർധനവാണ് ഉണ്ടായത്. 2019നെ അപേക്ഷിച്ച് കാലിത്തീറ്റവില 40 ശതമാനം വർധിച്ചു. കടലപ്പിണാക്ക് വില 50 ശതമാനത്തിലധികം കൂടി. കർഷകർ വലിയ നഷ്ടം സഹിച്ചാണ് ക്ഷീരവൃത്തി തുടരുന്നത്. പാൽ ലിറ്ററിന് 60 രൂപയെങ്കിലും സംഭരണ വില ലഭിക്കണം.
പാൽ ഉത്പാദനം കുറയുന്നതുമൂലം ക്ഷീരസംഘങ്ങളും പ്രതിസന്ധിയിലായി. കാലാനുസൃതമായ ശന്പളം പോലും നൽകാൻ കഴിയാത്ത സ്ഥിതിയിലാണ് സംഘങ്ങൾ. മിൽമ മാർജിനിൽ വർധനവ് വരുത്താതെ സംഘങ്ങൾക്കു പിടിച്ചുനിൽക്കാൻ സാധിക്കില്ല. വിവിധ പദ്ധതികൾക്ക് സർക്കാർ നൽകുന്ന സബ്സിഡി നാമമാത്ര കർഷകരിലാണ് എത്തുന്നത്. ഗുണകരമല്ലാത്ത പദ്ധതികൾ നിർത്തലാക്കണം. സഹായം കർഷകർക്ക് ഇൻസെന്റീവായി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
അനുകൂല നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് ബി.പി. ബെന്നി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എൽ. സജി, സെക്രട്ടറിമാരായ കെ. ബി. മാത്യു, എൽദോ, പി.ജെ. സജി, മായ, സംഗീത, ലതിക, കമ്മിറ്റി അംഗങ്ങളായ എ.പി. കുര്യാക്കോസ്, ജിജി പോൾ, പൗലോസ് മാളിയേക്കൽ, എം.ടി. ജോണ് എന്നിവർ പ്രസംഗിച്ചു.