വികസന മുരടിപ്പ് : മൂപ്പൈനാട് പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നാളെ
1580855
Sunday, August 3, 2025 5:54 AM IST
കൽപ്പറ്റ: എൽഎഡിഎഫ് മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി നാളെ രാവിലെ 11ന് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തും. വികസന മുരടിപ്പിനും ദുർഭരണത്തിനുമെതിരേയാണ് സമരമെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കണ്വീനർ പി.സി. ഹരിദാസൻ, ചെയർമാൻ ഷംസുദ്ദീൻ അരപ്പറ്റ, മറ്റു ഭാരവാഹികളായ വി. കേശവൻ, എ. ഹരികൃഷ്ണൻ, എം.വി. യൂസഫ് എന്നിവർ വാർത്താസമ്മളനത്തിൽ അറിയിച്ചു.
മാർച്ചിന്റെ പ്രചാരണത്തിന് ഇന്ന് ജാഥ നടത്തും. രാവിലെ എട്ടിന് ജയ്ഹിന്ദിൽ ആരംഭിക്കുന്ന ജാഥ വൈകുന്നേരം അഞ്ചിന് വടുവൻചാൽ വളവിൽ സമാപിക്കും. പഞ്ചായത്തിൽ വികസന രംഗത്ത് മാന്ദ്യം പ്രകടമാണ്. അഞ്ച് വർഷം പൂർത്തിയാകാറായ യുഡിഎഫ് ഭരണത്തിൽ എടുത്തുപറയാവുന്ന ഒരു പദ്ധതിപോലും നടപ്പായില്ല.
മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നതിന് ചെല്ലങ്കോട് വാങ്ങിയ ഭൂമി കാടുകയറിക്കിടക്കുകയാണ്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ നിർമാണം പൂർത്തിയാക്കിയ റോഡുകൾ തകർന്നുതുടങ്ങി. തിനപുരം ഹെൽത്ത് സെന്ററിന് ലഭിച്ച 40 ലക്ഷം രൂപ ചെലവഴിക്കാൻ കഴിയാതെ തിരിച്ചടച്ചിരിക്കയാണ്. പഞ്ചായത്ത് ആസ്ഥാനത്ത് ബസ്സ്റ്റാൻഡ് ഇല്ല.
പാടിവയലിൽ ആശുപത്രി കെട്ടിടങ്ങൾക്കിടയിൽ സ്ഥാപിച്ച മിനി എംസിഎഫ് പൊളിച്ചുമാറ്റേണ്ടിവന്നു. പഞ്ചായത്തിൽ പലേടത്തും തെരുവുവിളക്കുകൾ കത്തുന്നില്ല. ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുമെന്ന വാഗ്ദാനം പാലിച്ചില്ല.
കുടിവെള്ള പദ്ധതി, കൃഷിഭവൻ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുകയാണ്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നതിൽ വടുവൻചാൽ ടൗണിലൂടെ സുഗമമായി സഞ്ചരിക്കാൻ ജനങ്ങൾക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് സമരമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.