വീട് ചോർന്നൊലിക്കുന്നവർക്ക് താത്കാലിക ഷെഡ് നിർമാണത്തിന് കിറ്റ് നൽകി
1580130
Thursday, July 31, 2025 6:00 AM IST
മാനന്തവാടി: വീട് ചോർന്നൊലിക്കുന്നതുമൂലം പ്രയാസം അനുഭവിക്കുന്നവർക്ക്് താത്കാലിക ഷെഡ് നിർമിക്കുന്നതിന് ഹാബിറ്റാറ് ഇന്റർനാഷണലും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് കിറ്റ് വിതരണം ചെയ്തു.
രണ്ട് ടാർപോളിൻ ഷീറ്റ്, തറയിൽ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, കയർ, കെട്ടുകന്പി, ആണി, വാഷർ, ചുറ്റിക, പ്ലെയർ, തൂന്പ എന്നിവ അടങ്ങിയ 522 കിറ്റാണ് വിതരണം ചെയ്തത്. ചോയിമൂലയിൽ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു.
ഹാബിറ്റാറ് ഇന്റർനാഷണൽ സൗത്ത് റീജിയണൽ ഡയറക്ടർ ജോർജ് കുര്യൻ പദ്ധതി വിശദീകരണം നടത്തി. സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, വാർഡ് അംഗം ലൈജി തോമസ്, സ്റ്റാഫ് സെക്രട്ടറി ചിഞ്ചു മരിയ പീറ്റർ എന്നിവർ പ്രസംഗിച്ചു. ചോയിമൂല, കുറുമണി, എടപ്പെട്ടി, കമ്മന, കല്ലോടി, താഴെയങ്ങാടി, കുറുക്കൻമൂല, ഗോദാവരി, പാത്രച്ചാൽ, എള്ളുമന്ദം, തൃശിലേരി, പേരിയ, പോരൂർ, പുൽപ്പള്ളി, തവിഞ്ഞാൽ എന്നിവിടങ്ങളിലും കിറ്റ് വിതരണം നടന്നു.
ഹാബിറ്റാറ്റ് ഫിനാൻസ് മാനേജർ ചിന്നദുരൈ, പ്രോജക്ട് കോഓർഡിനേറ്റർ രവികുമാർ, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ റോബിൻ ജോസഫ്, ദീപു ജോസഫ്, ജാൻസി ജിജോ, കെവിൻ സുനിൽ, റീജിയണൽ കോഓർഡിനേറ്റർമാരായ ആലിസ് സിസിൽ, ബിൻസി വർഗീസ്, ലിജ കുര്യാക്കോസ്, ജിനി ഷിനു, മൈസൂരു സെന്റ് ഫിലോമിനാസ് കോളജ്,
അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആൻഡ് ടെക്നോളജി എന്നിവിടങ്ങളിൽനിന്നുള്ള സോഷ്യൽ വർക്ക് വിദ്യാർഥികളായ ആൻ മേരി, ക്രിസ്റ്റീന, ട്രീസ സെബാസ്റ്റ്യൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.