കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കിയതിൽ വ്യാപക പ്രതിഷേധം
1579956
Wednesday, July 30, 2025 6:02 AM IST
പുൽപ്പള്ളി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്യിച്ചതിൽ വൈഎംസിഎ യൂണിറ്റ് പ്രതിഷേധിച്ചു. വർഷങ്ങളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്ത്യൻ പള്ളികളും വൈദികരും കന്യാസ്ത്രീകളും സഭാ അംഗങ്ങളും കൊടിയ ആക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകുന്നതായി യോഗം ചൂണ്ടിക്കാട്ടി.
വടക്കേ ഇന്ത്യയിൽ ക്രൈസ്തവരെ വേട്ടയാടുന്ന ബിജെപിയും പോഷക പ്രസ്ഥാനങ്ങളും കേരളത്തിൽ പ്രീണന നയമാണ് സ്വീകരിക്കുന്നത്. ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തോമസ് ഒറ്റക്കുന്നേൽ അധ്യക്ഷത വഹിച്ചു. നോബി പള്ളിത്തറ, ലിയോ പിഡിസി, ബിജു തിണ്ടിയത്, ഷാജി മുത്തുമാംകുഴി, ഷിനോജ് കണ്ണംപള്ളി, സാലി ജോജോ മുണ്ടോക്കുഴി എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: ഛത്തീസ്ഗഡിൽ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്യിച്ചതിനെതിരേ കൃപാലയ സ്കൂളിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്ലക്കാർഡുകളേന്തി വിദ്യാർഥികൾ പരിപാടിയിൽ പങ്കാളികളായി. പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന, പ്രോഗ്രാം കോ ഓർഡിനേറ്റർ ടി.യു. ഷിബു, സിസ്റ്റർ ജിൽസ ടോം, സിസ്റ്റർ ടിസ, സിസ്റ്റർ ആൻസ് മരിയ എന്നിവർ നേതൃത്വം നൽകി.
പുൽപ്പള്ളി: കന്യാസ്ത്രീകളെ കള്ളക്കേസിൽപ്പെടുത്തി അറസ്റ്റുചെയ്തതിൽ കെസിസി പെരിക്കല്ലൂർ ഫൊറോന കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ജോണി പുത്തൻകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. അതിരൂപത ജോയിന്റ് സെക്രട്ടറി ഷിജു കൂറാനയിൽ, ഫൊറോന ജനറൽ സെക്രട്ടറി ജോബിൻസ് ജോയി, ട്രഷർ റെജി ഉള്ളാടപ്പള്ളിയിൽ, വൈസ് പ്രസിഡന്റ് ടോമി ചെന്നെല്ലിക്കുന്നേൽ, ജോയിന്റ് സെക്രട്ടറി മാത്യു മുള്ളൂർ, അതിരൂപത പ്രതിനിധികളായ ജോണ് കുളക്കാട്ട്, ബേബി പെരുന്പേൽ എന്നിവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരി: ഛത്തീസ്ഗഡിലെ ദുർഗിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റുചെയ്തതിൽ മലങ്കര കാത്തലിക് അസോസിയേഷൻ രൂപത സമിതി പ്രതിഷേധിച്ചു.
ക്രൈസ്തവർക്കെതിരായ അക്രമം ആരാധനാലയങ്ങൾക്കുനേരേയുള്ള അതിക്രമം എന്നിവ വർധിക്കുന്നത് കണക്കിലെടുത്ത് ഭരണാധികാരികൾ അടിയന്തരവും നിർണായകവുമായ നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രിൻസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ചാക്കോ നരിമറ്റത്തിൽ, ട്രഷറർ സുമ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: മഹിളാ കോണ്ഗ്രസ് ജില്ല കമ്മിറ്റി കൽപ്പറ്റയിൽ പ്രതിഷേധ ധർണ നടത്തി. കോണ്ഗ്രസ് ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നയമാണ് നരേന്ദ്രമോദി സർക്കാർ പിന്തുടരുന്നതെന്നും അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രണ്ട് കന്യാസ്ത്രീകളെ ചത്തീസ്ഗഡിൽ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ടിരിക്കുന്നത്.
മണിപ്പുരിലെ വംശഹത്യയും ഗുജറാത്തിലെ ഗോദ്ര കലാപവും ആൾക്കൂട്ട അക്രമണവും കൊലപാതകങ്ങളും ബുൾഡോസർ രാജും നരേന്ദ്രമോദി സർക്കാരിന്റെ ന്യൂനപക്ഷങ്ങളോടുള്ള യഥാർത്ഥ നയമാണ് വ്യക്തമാക്കുന്നത്. വെറുപ്പും വിദ്വേഷവും വിതച്ച് ഹിന്ദുത്വ അജണ്ട നടപ്പാക്കി ജനങ്ങളെ ജാതിയുടെയും വർണത്തിന്റെയും പേരിൽ തമ്മിൽ തല്ലിച്ച് രഷ്ട്രീയ ലാഭം കൊയ്യാനാണ് ബിജെപിയും ബജ്റംഗ്ദൾ ഉൾപ്പെടെയുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളും ശ്രമിക്കുന്നത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷണം ഉറപ്പാക്കാൻ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ നേതൃത്വത്തിൽ സർവശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കുമെന്നും ഇന്ത്യൻ ഭരണഘടന സംരക്ഷിച്ചുകൊണ്ട് ഫാസിസ്റ്റ് ശക്തികളെ തറപറ്റിക്കുമെന്നും ധർണയിൽ പ്രസംഗിച്ച നേതാക്കൾ പറഞ്ഞു.
യോഗത്തിൽ മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷത വഹിച്ചു. ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഇ.വി. ഏബ്രഹാം, കെ. അജിത, ഉഷാതന്പി, മേഴ്സി സാബു, ഗിരിജ മോഹൻദാസ്, ബീന സജി, ബിന്ദു സജീവ്, ശാലിനി, ജെസി ലെസ്ലി തുടങ്ങിയവർ പ്രസംഗിച്ചു.
പുൽപ്പള്ളി: ഛത്തീഡ്ഗഡിൽ ബിജെപി സർക്കാരും സംഘപരിവാർ സംഘടനകളും ചേർന്നു മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം പ്രസ്താവനയിൽ പറഞ്ഞു. നിരപരാധികളായ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത് രാജ്യത്തിന്റെ മതേതര സങ്കൽപ്പങ്ങളോടുള്ള വെല്ലുവിളിയാണ്. വർഗീയതയെയും ഫാസിസത്തെയും താലോലിക്കുന്ന ഭരണകൂടങ്ങൾ മതേതരത്വം തകർക്കുകയാണ്.
കന്യാസ്ത്രീകൾക്കെതിരേ മനുഷ്യക്കടത്തും മതപരിവർത്തന ശ്രമവും ആരോപിച്ച് കേസെടുത്തത് അനുചിതവും അന്യായവുമാണ്. ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദത്തിനു വഴങ്ങിയാണ് ഛത്തീസ്ഗഡ് പോലീസ് കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കിയത്. നിരപരാധികളായ കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും ഏബ്രഹാം ആവശ്യപ്പെട്ടു.
സുൽത്താൻ ബത്തേരി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്ന് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതിനെതിരേ സുൽത്താൻ ബത്തേരി അസംപ്ഷൻ ദേവാലയത്തിലെ വിശ്വാസികൾ പ്രതിഷേധിച്ചു. മതപരിവർത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് പെണ്കുട്ടികൾ യാത്ര ചെയ്തതെന്നും സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹം അറിയിച്ചിട്ടും സന്യസ്തരെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും തടങ്കിലടയ്ക്കുകയുമായിരുന്നു.
ഭരണഘടനക്കെതിരേയും രാജ്യത്തിനെതിരേയും പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിനെതിരേയും പ്രവർത്തിക്കുന്ന ഈ ശക്തികൾ ആരോപിക്കുന്ന ഈ വിഷയത്തിൽ അന്വേഷണം നടത്തി കഴിയുന്നത്ര വേഗം സിസ്റ്റേഴ്സിനെ മോചിതരാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ ഫൊറോന വികാരി തോമസ് മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. ജേക്കബ് മുക്കത്ത്, സണ്ണി നെടുങ്കല്ലേൽ, ഫ്രാൻസിസ് പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കേരള കോണ്ഗ്രസ് -എം സുൽത്താൻ ബത്തേരി മുനിസിപ്പൽ കണ്വെൻഷൻ ആവശ്യപ്പെട്ടു. അഡ്വ.എൻ.പി. ജോണ്സണ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ, ജില്ലാ ജനറൽ സെക്രട്ടറി വി.പി. അബ്ദുൾഗഫൂർ ഹാജി, പി.എം. ജയശ്രീ, ടോം ജോസ്, കുര്യൻ ജോസഫ്, വി.പി. അബ്ദുൾ റസാഖ്, ബേബി പുളിമൂട്ടിൽ, ടോംസ് നെടുങ്കലേൽ, അതുൽ ബേബി, ജയ്സണ് എന്നിവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരി: ജനസേവകരായ രണ്ട് കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച ഛത്തീസ്ഗഡ് സർക്കാർ നടപടിക്കെതിരേ കേരള കോണ്ഗ്രസ്-എം ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. നാടിന്റെ മതനിരപേക്ഷതയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച് കള്ളക്കേസുകൾ ഉണ്ടാക്കി അധികാര ദുർവിനിയോഗം നടത്തുന്നവരെ നിലയ്ക്ക് നിർത്താൻ സർക്കാരുകൾക്ക് ചുമതലയുണ്ട്.
കേരള കോണ്ഗ്രസ്-എം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. ജോസഫ് മാണിശേരി, ടി.ഡി. മാത്യു, മാത്യു ഇടയ്ക്കാട്ട്, വിൽസണ് നെടുങ്കൊന്പിൽ, ബില്ലിഗ്രഹാം, ടോം ജോസ്, റെജി ഓലകരോട്ട്, അബ്ദുൾ ഗഫൂർ ഹാജി, കുര്യൻ ജോസഫ്, സണ്ണി മീനങ്ങാടി, ബേബി പുളിമൂട്ടിൽ, അനിൽ ജോസ്, അന്നമ്മ, അബ്ദുൾ റസാഖ്, ജോർജ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
കൽപ്പറ്റ: ബിജെപി ഇന്ത്യൻ മതേതരത്വം തകർക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പ്രസ്താവനയിൽ പറഞ്ഞു. ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ഇതിനു ഒടുവിലുത്തെ ഉദാഹരണമാണ്. ക്രൈസ്തവ വേട്ട രാജ്യവ്യാപകമായി നടക്കുകയാണ്.
നൂറുകണക്കിന് പള്ളികളാണ് ഇതിനകം തകർത്തത്. രാജ്യത്തെ ക്രിസ്ത്യാനികളും ന്യൂനപക്ഷ സമുദായങ്ങളും കുടിയേറി വന്നവരല്ല. അവർ ഇന്ത്യക്കാരാണ്. ഇന്ത്യൻ ഭരണഘടനയിൽ ഉന്നിപ്പറയുന്ന മതേതരത്വവും ജനാധിപത്യവും തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ കോണ്ഗ്രസ് ശക്തമായി എതിർക്കുമെന്നും അപ്പച്ചൻ പറഞ്ഞു.