തകർന്നുവീഴാറായ കെട്ടിടത്തിൽ ഒരു പഞ്ചായത്ത് കാര്യാലയം
1579104
Sunday, July 27, 2025 5:27 AM IST
പുൽപ്പള്ളി: തകർന്നുവീഴാറായ കെട്ടിടത്തിൽ ഒരു പഞ്ചായത്ത് ഓഫീസ്. മുള്ളൻകൊല്ലി പഞ്ചായത്ത് കാര്യാലയമാണ് ദുർബലാവസ്ഥയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടർന്നു വിഴുന്ന സ്ഥിതിയിലാണ്. ജീവനക്കാർ ഭീതിയോടെയാണ് ഓഫീസിൽ ജോലി ചെയ്യുന്നത്. വിവിധ ആവശ്യങ്ങൾക്ക് ഓഫീസിൽ എത്തുന്ന പൊതുജനങ്ങളുടെ സ്ഥിതിയും വിഭിന്നമല്ല.
പഞ്ചായത്ത് ഓഫീസ് സുരക്ഷിതമായ കെട്ടിടത്തിലേക്ക് ഉടൻ മാറ്റണമെന്ന് ആം ആദ്മി പാർട്ടി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ തകർന്ന റോഡുകൾ മഴ മാറിയാലുടൻ സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 29ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു.
ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ കൊല്ലവേലിൽ ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സി. വർഗീസ് അധ്യക്ഷത വഹിച്ചു. ആന്റണി പൂത്തോട്ടയിൽ, ഷാജി വണ്ടന്നൂർ, കെ.ജി. ബെന്നി, ഉലഹന്നാൻ മേമാട്ട്, ഷിനോജ് കാനാട്ട്, ഷിബി വണ്ടന്നൂർ, സിജു പൂത്തോട്ടയിൽ എന്നിവർ പ്രസംഗിച്ചു.