പുകലമാളത്ത് കാട്ടാനശല്യം അതിരൂക്ഷം
1579095
Sunday, July 27, 2025 5:27 AM IST
സുൽത്താൻബത്തേരി: ചെതലയം പുകലമാളത്ത് കാട്ടാനശല്യം അതിരൂക്ഷം. വീടിനു സമീപംവരെ എത്തിയാണ് ആനകൾ മനുഷ്യജീവന് ഭീഷണി ഉയർത്തുന്നത്. വലിയ കൃഷിനാശവും ആനകൾ വരുത്തുന്നുണ്ട്. വനത്തോടു ചേർന്നുള്ള പ്രദേശമാണ് പുകലമാളം.
കഴിഞ്ഞദിവസം പുകലമാളത്ത് ഇറങ്ങിയ കാട്ടാന തയ്യിൽ ഷമീർ, പാട്ടത്തൊടി ആലി, മുണ്ടൻതൊടി റഷീദ് എന്നിവരുടെ തെങ്ങ്, വാഴ, കപ്പ കൃഷികൾ നശിപ്പിച്ചു. ബത്തേരി-പുൽപ്പള്ളി റോഡിനടുത്താണ് ഷമീറിന്റെ വീട്.
ഇദ്ദേഹത്തിന്റെ മുറ്റത്തുനിന്ന തെങ്ങിൻതൈയും റഷീദിന്റെ വീട്ടുവളപ്പിലെ തെങ്ങും കപ്പയും ആന നശിപ്പിച്ചു. സന്ധ്യമയങ്ങുന്നതോടെ ജനവാസ മേഖലയൽ എത്തുന്ന ആനകൾ നേരം പുലർന്നതിനുശേഷമാണ് വനത്തിലേക്ക് മടങ്ങുന്നത്. സാന്നിധ്യം അറിഞ്ഞ് തുരത്താനിറങ്ങുന്നവർക്കു നേരേ ആനകൾ പാഞ്ഞടുക്കാറുണ്ട്.
ചെതലയം വളാഞ്ചേരി അടിവാരത്ത് കർഷകൻ തേലക്കാട്ട് ശിവനെ കാട്ടാന തുന്പിക്കൈയ്ക്ക് തട്ടിയെറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. വനാതിർത്തിയിലെ വന്യജീവി പ്രതിരോധ സംവിധാനങ്ങൾ കുറ്റമറ്റതാക്കണമെന്നാണ് പുകലമാളം നിവാസികളുടെ ആവശ്യം.