നാക് എ ഗ്രേഡ് നേട്ടവുമായി കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജ്
1578961
Saturday, July 26, 2025 6:20 AM IST
കൽപ്പറ്റ: നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡ് നേട്ടവുമായി കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജ്. പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് എല്ലാ കോളജുകളിലും സർവകലാശാലകളിലും നൈപുണി വികസന കേന്ദ്രങ്ങൾ സർക്കാർ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
നാക് സംഘം കോളജിലെ പ്രധാന പഠന വകുപ്പുകൾ, ജൈവ വൈവിധ്യ ഉദ്യാനങ്ങൾ, സൗരോർജ പദ്ധതി, വിവിധ ലാബുകൾ, മീഡിയ സ്റ്റുഡിയോ, ജിംനേഷ്യം, ഭാഷ ലാബ്, ബാംബു ഗാർഡൻ, ബട്ടർഫ്ളൈ ഗാർഡൻ തുടങ്ങിയവ സന്ദർശിച്ചിരുന്നു. കോളജിലെ വിദ്യാർഥികളുടെ ബൗദ്ധിക വളർച്ചയോടൊപ്പം സാമൂഹിക പ്രതിബദ്ധത പരിപോഷിപ്പിക്കാൻ വിഭാവനം ചെയ്ത സതീർഥ്യ, സഹവർത്തിത്വ എന്നീ പ്രവർത്തനങ്ങൾ ബെസ്റ്റ് പ്രാക്ടീസെസ് എന്ന നിലയിൽ സംഘത്തിന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു.
ഇ ഊര് വായന കൂട്ടം, സ്പീക്ക് ഔട്ട് ചർച്ച, ഓണസ്റ്റി സെൽഫ് സർവീസ് ഷോപ്പ്, ഗോത്ര വിഭാഗങ്ങൾക്കായുള്ള പഠന സഹായ പ്രവർത്തനങ്ങൾ, ഡിജിക്ലിനിക് പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു. നേരത്തെ ഓണ്‍ലൈനായി സമർപ്പിച്ച രേഖകളും സന്ദർശനവും കണക്കിലെടുത്താണ് കോളജിന് ഗ്രേഡ് ലഭിച്ചത്.
നാക് സന്ദർശനത്തോടനുബന്ധിച്ച് ഒരു കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് സർക്കാർ കോളജിൽ നടത്തിയത്. പ്രിൻസിപ്പൽ ഡോ. സുബിൻ പി. ജോസഫ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഡോ.എം.എസ്. രാജി മോൾ, ഡോ.കെ. രാഹുൽ, വർഗീസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.