കടുവയെ കൂട് വച്ച് പിടിക്കണമെന്ന്
1578469
Thursday, July 24, 2025 5:51 AM IST
ഗൂഡല്ലൂർ: ദേവർഷോല സർക്കാർമൂല സ്വകാര്യ എസ്റ്റേറ്റിലെ തേയിലക്കാട്ടിനുള്ളിൽ തന്പടിച്ച കടുവയെ കൂട് വച്ച് പിടിക്കണമെന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
എസ്റ്റേറ്റ് കാടുമൂടി കിടക്കുകയാണ്. കാട്ടിനുള്ളിൽ കടുവയും ആനയും തന്പടിച്ചിരിക്കുകയാണ്. ആക്രമണകാരിയായ കടുവ ഇതുവരെ പശു, ആട് ഉൾപ്പടെ ആറ് വളർത്തു ജീവികളെ കൊലപ്പെടുത്തി. ഇരയെ തേടി പിടിക്കാൻ പറ്റാത്ത കടുവയാണിവിടെ ചുറ്റിത്തിരിയുന്നതെന്നാണ് സംശയിക്കുന്നത്.
പാടന്തറ, സർക്കാർമൂല, കാവതിവയൽ, മാരക്കര, കെണിയംവയൽ, ത്രീഡിവിഷൻ തുടങ്ങിയ ഭാഗങ്ങളിൽ ഭീതി പരത്തി വരികയാണ്. ആനയെ കൊണ്ടും കടുവയെ കൊണ്ടും നാട്ടുകാർ പൊറുതിമുട്ടിയിരിക്കുകയാണ്. എസ്റ്റേറ്റ് തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളത്.
തേയിലക്കാട്ടിൽ കടുവ ഒളിച്ചിരിക്കുന്നതായി സംശയം ഉണ്ട്. ഇതേത്തുടർന്ന് ഇന്നലെ ജോലിക്കെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള തോട്ടം തൊഴിലാളികൾ ജോലിക്ക് ഇറങ്ങാതെ മടങ്ങി പോകുകയായിരുന്നു. കടുവയെ കൂട് വച്ച് പിടിക്കണമെന്ന് തൊഴിലാളികളും ആവശ്യപ്പെട്ടു.