അപകടാവസ്ഥയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റണമെന്ന്
1578730
Friday, July 25, 2025 6:09 AM IST
പുൽപ്പള്ളി: താന്നിത്തെരുവിൽ അപകടാവസ്ഥയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റണമെന്ന്. താന്നിത്തെരുവ് കവലയിൽ രണ്ട് പതിറ്റാണ്ടിന് മുന്പ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായെങ്കിലും അറ്റകുറ്റപ്പണികൾ നടത്താനോ പൊളിച്ച് പുതിയത് നിർമിക്കാനോ അധികൃതർ തയാറല്ല. സാങ്കേതികത്വം പറഞ്ഞ് നടപടികൾ വൈകിപ്പിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
പുൽപ്പള്ളിയിൽ നിന്നും കാപ്പിസെറ്റ്, അന്പത്താറ്, വണ്ടിക്കടവ്, മീനങ്ങാടി ഉൾപ്പെടെയുള്ള റൂട്ടുകളിലേക്കുള്ള യാത്രക്കാർ ഏറെ ഉപയോഗിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം കൂടിയാണിത്.
കേന്ദ്രത്തിന്റെ അടിത്തറ ഇളകിയും ചുമരുകൾ പൊളിഞ്ഞും ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. രണ്ട് കോളജുകളിലേയും ഒരു സ്കൂളിലേയും വിദ്യാർഥികൾ ബസ് കാത്തുനിൽക്കുന്ന ഇടംകൂടിയായിട്ടുപോലും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.
കാപ്പിസെറ്റ് - പയ്യന്പള്ളി റോഡ് കിഫ്ബി ഫണ്ടുപയോഗിച്ച് റോഡ് വീതികൂട്ടി ടാറിംഗ് പ്രവൃത്തികൾ പൂർത്തിയാക്കുകയും റോഡിന്റെ ഇരുവശവും ഇന്റർലോക്ക് വിരിച്ച് കാൽനടയാത്രക്കാർക്ക് സൗകര്യമൊരുക്കിയിട്ടും ഈ വാഹന കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് പുതിയത് നിർമിക്കാൻ നടപടിയില്ല.
പ്രദേശവാസികൾ പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകിയതിനെ തുടർന്ന് റോഡ് നവീകരണ പ്രവൃത്തിയോടൊപ്പം ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കണമെന്ന് കരാറുകാർക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ റോഡ് നിർമാണം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും അപകടാവസ്ഥയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കുന്നതിൽ ബന്ധപ്പെട്ടവർ ഉദാസീനത കാണിക്കുകയാണ്.
അടിയന്തരമായി ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി പുതിയത് നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.