വയോധികനെ ഇടിച്ച ഓട്ടോറിക്ഷ കണ്ടെത്തി; ഡ്രൈവർ അറസ്റ്റിൽ
1578476
Thursday, July 24, 2025 5:51 AM IST
മാനന്തവാടി: വയോധികനെ ഇടിച്ചുതെറിപ്പിച്ചശേഷം നിർത്താതെപോയ ഓട്ടോറിക്ഷ പോലീസ് കണ്ടെത്തി. ഓട്ടോ ഡ്രൈവർ നല്ലൂർനാട് അത്തിലൻ ഹംസയെ(49) അറസ്റ്റുചെയ്തു. ഓട്ടോ കസ്റ്റഡിയിലെടുത്തു.
ജൂലൈ ഏഴിന് രാത്രി അയലമൂലയിൽനിന്നു മോളിത്തോടിലേക്ക് നടന്നുപോകുകയായിരുന്ന മോളിത്തോട് സ്വദേശി വി.കെ. ജോണിയെയാണ്(61)ഓട്ടോ ഇടിച്ചത്. തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ ജോണിയെ ഗൗനിക്കാതെ ഹംസ ഓട്ടോയുമായി കടക്കുകയായിരുന്നു. അപകടത്തിൽ വലതുകാലിന്റെ എല്ല് പൊട്ടിയ ജോണി ചികിത്സയിലാണ്.
ഇൻസ്പെക്ടർ എസ്എച്ച്ഒ പി. റഫീഖ്, എസ്ഐ അതുൽ മോഹൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.കെ. ജോബി, ബി. ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ഷിന്റോ ജോസഫ്, കെ.വി. രഞ്ജിത്ത്, എ.ബി. ശ്രീജിത്ത്, അരുണ്‍, അനുരാജ് എന്നിവരടങ്ങുന്ന സംഘം ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഓട്ടോ കണ്ടെത്തിയത്.
ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ല. 150 ഓളം സിസിടിവി ദൃശ്യങ്ങളും നിരവധി ഓട്ടോറിക്ഷകളും വർക്ക്ഷോപ്പുകളും മറ്റു സ്ഥലങ്ങളും പരിശോധിച്ചാണ് അപകടത്തിനിടയാക്കിയ ഓട്ടോ തിരിച്ചറിഞ്ഞത്. വാഹനത്തിന്റെ സൈഡ് മിറർ മിറർ പൊട്ടിയതും ഇടിച്ച ഭാഗം ചെറുതായി ചളുങ്ങിയതും കേസിൽ തുന്പായി.