ചുഴലി മിൽമ പ്ലാന്റിനു മുന്പിൽ ക്ഷീര കർഷകരുടെ ധർണ 29ന്
1578953
Saturday, July 26, 2025 6:20 AM IST
കൽപ്പറ്റ: മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 29ന് രാവിലെ 10ന് നഗരത്തിലെ ചുങ്കം കവലയിൽനിന്നു ചുഴലിയിലെ മിൽമ ഡയറി പ്ലാന്റിലേക്ക് പ്രകടനവും തുടർന്നു ധർണയും നടത്തും.
പാൽ സംഭരണവില ലിറ്ററിന് 70 രൂപയാക്കുക, കാലിത്തീറ്റകൾക്ക് അനുവദിക്കുന്ന സബ്സിഡിക്ക് തുല്യമായ തുക ക്ഷീര കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുക, ആവശ്യത്തിന് വെറ്ററിനറി ഡോക്ടർമാരെ നിയമിച്ച മൃഗ ചികിത്സാമേഖല ശക്തീകരിക്കുക, പാൽവില ചാർട്ട് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.ആർ. ജനകൻ, ജില്ലാ പ്രസിഡന്റ് മത്തായി പുള്ളോർക്കുടി, സെക്രട്ടറി കെ.സി. അന്നമ്മ, ജില്ലാ കമ്മിറ്റിയംഗം ബിന്ദു ജയ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉത്പാദനച്ചെലവിന് ആനുപാതികമായി പാൽ സംഭരണ വില നിശ്ചയിക്കാൻ ഉത്തരവാദപ്പെട്ടർ തയാറാകാത്ത സാഹചര്യത്തിലാണ് സമരം. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നതിന് തീറ്റച്ചെലവ് മാത്രം 50ൽ അധികം രൂപ വരും.
എന്നാൽ കർഷകരിൽനിന്നു സംഭരിക്കുന്ന 3.2 ഫാറ്റും 8.3 എസ്എൻഎഫുമുള്ള പാൽ ലിറ്ററിന് സംഘങ്ങൾ മുഖേന ശരാശരി 40.15 രൂപയാണ് നൽകുന്നത്. ക്ഷീര മേഖലയിൽ കർഷകർക്കു പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. പശുക്കളിലെ രോഗ ചികിത്സയ്ക്കു ചെലവ് അനുദിനം വർധിക്കുകയാണ്. വെറ്ററിനറി ഡോക്ടർമാരുടെ രാത്രി സേവനം വൈകുന്നേരം നാല് മുതൽ അർധരാത്രി വരെ മാത്രമാണ് ലഭിക്കുന്നത്. രാത്രി സേവനം ഉപയോഗപ്പെടുത്തുന്നതിന് വലിയ തുക ചെലവിടേണ്ട സ്ഥിതിയാണ്.
ജില്ലയിലടക്കം കർഷകർ ക്ഷീരമേഖലയിൽനിന്നു പിൻവാങ്ങുകയാണ്. ഇത് പശുക്കളുടെ എണ്ണവും പാൽ ഉത്പാദനവും ഗണ്യമായി കുറയുന്നതിന് കാരണമായി. പ്രതിദിനം സംഭരിക്കുന്ന പാലിന്റെ അളവ് കുറഞ്ഞതോടെ ജീവനക്കാർക്ക് മുടങ്ങാതെ ശന്പളം നൽകാൻ പോലും ചില സംഘങ്ങൾ പ്രയാസപ്പെടുകയാണ്.
കാലിത്തീറ്റകൾക്കു അനുവദിക്കുന്ന സബ്സിഡികളുടെ ഗുണം ഇടനിലക്കാർക്കാണ് ലഭിക്കുന്നത്. ഇടനിലക്കാരിൽ ചിലർ വിതരണത്തിന് എത്തിക്കുന്ന കാലിത്തീറ്റകൾക്ക് മതിയായ ഗുണനിലവാരമില്ല. സബ്സിഡി കർഷകർക്ക് പണമായി നേരിട്ടുനൽകുന്നത് മേത്തരം കാലിത്തീറ്റകൾ വാങ്ങുന്നതിനു സഹായകമാകും. പാൽവില വർധിപ്പിക്കുന്നതിനൊപ്പം ഇൻസെന്റീവ് അനുവദിച്ചും ക്ഷീര കർഷകരെ പ്രോത്സാഹിപ്പിക്കണം. ഏറ്റവും ഒടുവിൽ 2022ലാണ് പാലിന്റെ സംഭരണ വില ലിറ്ററിന് അഞ്ച് രൂപ വർധിപ്പിച്ചത്. ഇതിന്റെ ഗുണം കർഷകർക്ക് ലഭിച്ചില്ല. പാൽ വില ചാർട്ടിലെ അപാകമാണ് ഇതിനു കാരണം.
ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് മിൽമയുടെ തലപ്പത്തുള്ളവർക്ക് ബോധ്യമുണ്ട്. എങ്കിലും അടുത്തിടെ ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം പാൽ സംഭരണ വില വർധിപ്പിക്കേണ്ടെന്നാണ് തീരുമാനിച്ചത്. ക്ഷീര കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളോട് മിൽമ മുഖം തിരിച്ചാൽ സംസ്ഥാന വ്യാപകമായി ശക്തമായ സമരത്തിന് അസോസിയേഷൻ നിർബന്ധിതമാകുമെന്നും ഭാരവാഹികൾ പറഞ്ഞു.