മരിയനാട് എസ്റ്റേറ്റ് തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരവിതരണം ആരംഭിച്ചു
1578954
Saturday, July 26, 2025 6:20 AM IST
പുൽപ്പള്ളി: ഇരുളം മരിയനാട് എസ്റ്റേറ്റ് തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര തുക വയനാട് പാക്കേജിലുൾപ്പെടുത്തി വിതരണം ചെയ്യുന്നതിന്റെ വിതരണോദ്ഘാടനം നടത്തി. ഇരുളം രാഗം ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്ന പരിപാടി പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ആകെയുള്ള 141 തൊഴിലാളികൾക്ക് അക്കൗണ്ട് വഴിയാണ് പണം ലഭിക്കുക.
സുൽത്താൻ ബത്തേരി ഇരുളം വില്ലേജിൽ കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ ഉടമസ്ഥതയിലുണ്ടായിരുന്നതും പിന്നീട് പ്രവർത്തനം നിർത്തലാക്കിയതുമായ മരിയനാട് എസ്റ്റേറ്റിലെ തൊഴിൽ നഷ്ടപ്പെട്ട 141 തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തി മരിയനാട് പുനരധിവാസ പദ്ധതി പ്രകാരം അഞ്ച് കോടി രൂപയാണ് അനുവദിച്ചത്.
സർക്കാർ നിയമങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ തൊഴിലാളി നിയമ പ്രകാരം ജീവനക്കാരുടെ സർവീസ് അനുസരിച്ചാണ് ആനുകൂല്യ തുക വിതരണം ചെയ്തത്. ബന്ധപ്പെട്ട വകുപ്പ് പുറപ്പെടുവിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലാളികൾ നഷ്ടപരിഹാരത്തിന് യോഗ്യരാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് രൂപീകരിച്ചിരുന്നു.
മരിയനാട് എസ്റ്റേറ്റ് 2004ൽ പ്രവർത്തനം അവസാനിപ്പിച്ചതോടെ ഇവിടെ ജോലി ചെയ്ത തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, പിരിച്ചുവിടൽ നഷ്ടപരിഹാരം, ഇതുവരെയുള്ള പലിശ എന്നിവ നൽകാനാണ് വയനാട് പാക്കേജിൽ തുക അനുവദിച്ചത്. ഓരോ വർഷം സേവനം ചെയ്തതിന് 15 ദിവസത്തെ വേതന നിരക്കിൽ പിരിച്ചുവിടൽ നഷ്ടപരിഹാരവും ഗ്രാറ്റുവിറ്റിയും കണക്കാക്കി. പിരിച്ചുവിടൽ നഷ്ട പരിഹാരം തുക 2005 മുതൽ 10 ശതമാനം പലിശയും 15 ശതമാനം ഗ്രാറ്റുവിറ്റി പലിശയും കണക്കാക്കിയാണ് നൽകിയത്.
ജീവനക്കാരുടെ ഹാജർ രേഖകൾ, ഇപിഎഫ് വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് തുക തിട്ടപ്പെടുത്തിയത്. എസ്റ്റേറ്റിൽ ഒൻപത് വർഷം സേവനം പൂർത്തിയാക്കിയ 136 ജീവനക്കാരും അഞ്ചുവർഷം പൂർത്തിയാക്കിയ രണ്ടു ജീവനക്കാരും ഒരു വർഷം പൂർത്തിയാക്കിയ ഒരു ജീവനക്കാരനും രണ്ട് താത്കാലിക ജീവനക്കാരുമാണ് ആനുകൂല്യത്തിന് അർഹരായത്. ഇതിൽ 21 പേർ മരണപ്പെട്ടു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനായ പരിപാടിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ കെ.എസ്. ശ്രീജിത്ത്, ജില്ലാ ലേബർ ഓഫീസർ സി. വിനോദ് കുമാർ, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.