നിർമാണ മേഖലയിലെ പ്രതിസന്ധി: സെക്രട്ടേറിയറ്റ് പടിക്കൽ പഞ്ചദിന സത്യഗ്രഹവുമായി പിബിസിഎ
1578960
Saturday, July 26, 2025 6:20 AM IST
കൽപ്പറ്റ: നിർമാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം തേടി പ്രൈവറ്റ് ബിൽഡിംഗ് കോണ്ട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 28 മുതൽ ഓഗസ്റ്റ് ഒന്ന് വരെ സെക്രട്ടേറിയറ്റ് പടിക്കൽ സത്യഗ്രഹം നടത്തും.
കരാറുകാർക്ക് ലൈസൻസ് അനുവദിക്കുക, പുഴകളിലും നദികളിലും മണൽവാരൽ ആരംഭിക്കുക, സൈറ്റ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുക, കെ സ്മാർട്ടിലെ അപാകതകൾ പരിഹരിക്കുക, നിർമാണത്തൊഴിലാളികൾക്ക് പെൻഷൻ കുടിശിക സഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഒരോ മേഖലകളിൽനിന്നുള്ള കരാറുകാരാണ് വിവിധ ദിവസങ്ങളിൽ സത്യഗ്രഹം അനുഷ്ഠിക്കുക. ആദ്യദിവസം സത്യഗ്രഹത്തിൽ ജില്ലയിൽനിന്നു 25 പേർ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി എൻ.വി. ബാബു, രക്ഷാധികാരി മമ്മീസ മേപ്പാടി, രക്ഷാധികാരി സി.സി. ഏബ്രഹാം, ജില്ലാ കമ്മിറ്റിയംഗം പി.പി. ബെന്നി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലാഭകരമല്ലാത്തതായി നിർമാണ മേഖല മാറി. പുതിയ കെട്ടിടങ്ങൾ, ഫ്ളാറ്റുകൾ, ബഹുനില വീടുകൾ എന്നിവയുടെ നിർമാണം നാമമാത്രമാണ്. പ്രവാസികളടക്കം നിർമാണ മേഖലയിൽ നിക്ഷേപത്തിനു തയാറാകുന്നില്ല.
സാമഗ്രികളുടെ ലഭ്യതക്കുറവും വിലക്കയറ്റവും നിർമാണ മേഖല നേരിടുന്ന മുഖ്യ പ്രശ്നമാണ്. കർണാടകയിൽനിന്നും മറ്റും ഇറക്കുന്ന മണലിന് ഗുണനിലവാരം കുറവാണ്. നിലവാരമില്ലാത്ത മണലും മറ്റും ഉപയോഗിച്ചുള്ള നിർമാണം കെട്ടിടങ്ങളുടെയും വീടുകളുടെയും ആയുസ് കുറയ്ക്കുകയാണ്.
നിർമാണം നടന്ന് ഏറെക്കഴിയുംമുന്പ് വീടുകൾ ചോർന്നൊലിക്കുന്നത് അപൂർവതയല്ല. പുഴകളിലെയും നദികളിലെയും മണൽ ശേഖരിച്ച് നിർമാണത്തിന് ലഭ്യമാക്കിയാൽ ഈ അവസ്ഥയ്ക്കു മാറ്റമാകും. നിർമാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും വില നിയന്ത്രിക്കാനും ഔദ്യോഗിക സംവിധാനം ഉണ്ടാകണം.
കരാറുകാർക്ക് ലൈസൻസ് അനുവദിക്കുമെന്ന വാഗ്ദാനം അധികൃതർ പാലിക്കുന്നില്ല. പരിചയസന്പത്ത് മുഖ്യ മാനദണ്ഡമാക്കി ലൈസൻസ് അനുവദിക്കുന്നത് നിർമാണ മേഖലയ്ക്ക് ഗുണം ചെയ്യും. നിർമാണ ഇടങ്ങളിൽ തൊഴിലാളികൾ അപകടങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. സൈറ്റ് ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നത് തൊഴിലാളികൾക്കും കരാറുകാർക്കും കെട്ടിടം ഉടമയ്ക്കും ഗുണകരമാണ്.
അപകടത്തിൽപ്പെടുന്ന തൊഴിലാളികളെ കരാറുകാർ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ട സ്ഥിതിയാണ് നിലവിൽ. ക്ഷേമ പെൻഷൻ കുടിശികയാകുന്നത് ജോലിയിൽനിന്നു വിരമിച്ച തൊഴിലാളികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുകയാണെന്നും പിബിസിഎ ഭാരവാഹികൾ പറഞ്ഞു.