സ്കൂൾ ചുറ്റുമതിലിന്റെ അടിത്തറ തകർന്നിട്ട് ഒരു വർഷം: നന്നാക്കാൻ നടപടിയില്ല
1578723
Friday, July 25, 2025 6:09 AM IST
സുൽത്താൻ ബത്തേരി: സ്കൂൾ ചുറ്റുമതിലിന്റെ കരിങ്കൽകെട്ട് തകർന്നിട്ടും പുനർനിർമ്മിക്കാൻ നടപടിയില്ല. നൂറ് കണക്കിന് വിദ്യാർഥികൾ പഠിക്കുന്നതും ദേശീയപാതയോരത്തെ സ്കൂളുമായ മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിന്റെ അടിത്തറ തകർന്നതാണ് ഭീഷണിയായിരിക്കുന്നത്.
കഴിഞ്ഞ മഴക്കാലത്താണ് ചുറ്റുമതിലിന്റെ കരിങ്കല്ലുകൊണ്ട് തീർത്ത അടിത്തറ തകർന്നത്. ഇത് ഇടിഞ്ഞ് സമീപത്തെ ഓവുചാലിലേക്കാണ് പതിച്ചത്. നിലവിൽ ചുറ്റുമതിലിന്റെ അടിത്തറ തകർന്ന ഭാഗത്തുകൂടിയാണ് സ്കൂൾ മുറ്റത്തുനിന്ന് മഴവെള്ളം പുറത്തേക്ക് ഒഴുകുന്നത്. ഇത് ചുറ്റുമതിൽ കൂടുതൽ തകരാനും കാരണമാകും.
ചുറ്റുമതിലിൽ പാഴ്മരങ്ങൾ വളരുന്നത് വെട്ടികളയാത്തതും ഭീഷണിയായി മാറിയിട്ടുണ്ട്. ചുറ്റുമതിൽ മഴയിൽ കൂടുതൽ തകർന്നാൽ ദേശീയപാതയിലേക്ക് പതിക്കാനും സാധ്യതയുണ്ട്.
ഇത് വലിയഅപകടത്തിന് വഴിവച്ചേക്കും. ചുറ്റുമതിലിന്റെ തകർന്ന ഭാഗം പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാകളക്ടർ, ജില്ലാപ്പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് എന്നിവർക്ക് കത്ത് നൽകിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അപകടാവസ്ഥയിലായ ചുറ്റുമതിലിനോട് ചേർന്ന് ദേശീയപാതയോരത്ത് നിരവധി വാഹനങ്ങൾ പാർക്കുചെയ്യുന്ന സ്ഥലം കൂടിയാണ്. ഇടിഞ്ഞഭാഗത്തോട് ചേർന്ന് ഇലക്ട്രിക് പോസ്റ്റുമുണ്ട്. മതിൽ ഇടിഞ്ഞാൽ വലിയ അപകടം സംഭവിച്ചേക്കാം.
അതിനാൽ ചുറ്റുമതിലിന്റെ അടിത്തറ പുനർനിർമിച്ച് സുരക്ഷയൊരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.