കർക്കടക വാവുബലി: തിരുനെല്ലിയിൽ ബലിതർപ്പണം തുടരുന്നു
1578477
Thursday, July 24, 2025 5:51 AM IST
കാട്ടിക്കുളം: തെക്കൻ കാശിയെന്നു പുകൾപെറ്റ തിരുനെല്ലിയിലെ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടകവാവ് ദിനത്തിൽ പിതൃതർപ്പണം തുടരുന്നു. തിരുനെല്ലിയിലേക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് ആരംഭിച്ചതാണ് ജനപ്രവാഹം.
ഇന്നു രാവിലെയും ഭക്തരുടെ ഒഴുക്കിനാണ് തിരുനെല്ലി സാക്ഷ്യം വഹിക്കുന്നത്. പുലർച്ച മൂന്നിന് തുടങ്ങിയ ബലിതർപ്പണം ഉച്ചയ്ക്ക് ഒന്നു വരെ തുടരും. ബലിസാധന വിതരണത്തിന് പ്രത്യേക കൗണ്ടർ പ്രവർത്തിക്കുന്നതും കൂടുതൽ കർമികളെ ഏർപ്പെടുത്തിയതും പിതൃതർപ്പണത്തിന് എത്തിയവർക്ക് സൗകര്യമായി.
ഭക്തജനങ്ങൾക്കു സുഗമമായി തിരുനെല്ലിയിൽ വന്നുപോകുന്നതിന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ കാട്ടിക്കുളത്ത് തടയാതെ തിരുനെല്ലി ക്ഷേത്രപരിസരം വരെ കടത്തിവിടുന്നുണ്ട്. വണ്‍വേ സംവിധാനം ഏർപ്പെടുത്തി നിട്ടറ, പനവല്ലി വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. അന്പല ത്തിനടുത്ത് ആളുകളെ ഇറക്കിയശേഷം പാർക്കിംഗിന് വാഹനങ്ങൾക്ക് നിട്ടറ റോഡിലാണ് സൗകര്യം.
വിവിധ സ്ഥലങ്ങളിൽനിന്നു തിരുനെല്ലി ക്ഷേത്രംവരെ കെഎസ്ആർടിസി ബസുകൾ സർവീസുണ്ട്. ബത്തേരി പൊൻകുഴിയിൽ ബലിതർപ്പണം പുലർച്ചെ നാലിന് തുടങ്ങി. ഒരേസമയം 500 പേർക്ക് ബലിതർപ്പണം നടത്താവുന്ന ബലിത്തറ ക്ഷേത്രത്തിന് അഭിമുഖമായി സജ്ജീകരിച്ചിട്ടുണ്ട്. പൊൻകുഴിയിൽ ഇന്നലെ എത്തിയവർക്ക് സൗജന്യ താമസത്തിന് ക്ഷേത്രക്കമ്മിറ്റി സൗകര്യം ഒരുക്കി.