വന്യമൃഗശല്യം: കുറിച്യാട് റേഞ്ച് ഓഫീസിലേക്ക് കർഷകസംഘം മാർച്ച് നടത്തി
1578958
Saturday, July 26, 2025 6:20 AM IST
സുൽത്താൻ ബത്തേരി: ചെതലയം മേഖലയിലെ വന്യമൃഗ ആക്രമണത്തിന് പരിഹാരം ആവശ്യപ്പെട്ട് കർഷകസംഘം ചെതലയം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ആറാംമൈലിൽ നിന്ന് പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ ചെതലയത്ത് കുറിച്യാട് റേഞ്ച് ഓഫീസിനുമുന്നിൽ പോലീസ് തടഞ്ഞു.
പ്രവർത്തകർ വലയംഭേദിച്ച് ഉള്ളിൽകയറാൻ ശ്രമിച്ചത് വാക്കേറ്റത്തിലും ഉന്തിലും തള്ളിലും കലാശിച്ചു. സിഐടിയു ജില്ലാസെക്രട്ടറി വി.വി. ബേബി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ പി.ഒ. ജോയി അധ്യക്ഷത വഹിച്ചു.
കർഷകസംഘം ഏരിയ സെക്രട്ടറി ടി.കെ. ശ്രീജൻ, ലിജോ ജോണി, വി.പി. സുഹാസ്, കൗണ്‍സിലർമാരായ എ.ആർ. ജയകൃഷ്ണൻ, പി.ആർ. നിഷ, സമരസമിതി കണ്‍വീനർ സി.കെ. സത്യരാജ് എന്നിവർ പ്രസംഗിച്ചു. റേഞ്ച് ഓഫീസറുമായി ചർച്ചനടത്തിയെങ്കിലും നേതാക്കൾ മുന്നോട്ടുവച്ച കാര്യങ്ങളിൽ കൃത്യമായ മറുപടി ലഭിക്കാതായതോടെ റേഞ്ച് ഓഫീസറെ തടഞ്ഞുവച്ചു.
തുടർന്ന് വയനാട് വന്യജീവിസങ്കേതം മേധാവിയുമായി സമരനേതാക്കൾ ഫോണിൽ ചർച്ചനടത്തി. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ചെതലയം അടിവാരം തേലാക്കാട്ട് ശിവന് അടിയന്തര ധനസഹായമായി പതിനായിരം രൂപ നൽകും. തുടർചികിത്സ സഹായം നൽകും.
ബത്തേരി-പുൽപ്പള്ളി സംസ്ഥാന പാതയ്ക്ക് ഇരുവശവുമുളള അടിക്കാട് ആറ് ദിവസത്തിനകം വെട്ടിമാറ്റും, പട്രോളിംഗ് ശക്തമാക്കും, വനാതിർത്തിയിലെ കിടങ്ങ്, തൂക്ക് വേലി സംവിധാനങ്ങൾ കാര്യക്ഷമമാക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.