നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കണമെന്ന്
1578728
Friday, July 25, 2025 6:09 AM IST
പനമരം: കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനും വനം വകുപ്പ് ബാധകമാക്കിയ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ മേഖലാ കണ്വൻഷൻ ആവശ്യപ്പെട്ടു.
ടിന്പർ വ്യവസായ പുരോഗതിയും തൊഴിൽ മേഖലയിലെ സുരക്ഷയും സുഗമമായ പ്രവർത്തനവും ഉറപ്പുവരുത്തുന്നതിന് സർക്കാർ ഇടപെടുക, ജില്ലയിൽ മരം, വിറക്, കട്ടൻസ് കയറ്റിറക്കിന് അംഗീകാരമുള്ള തൊഴിലാളികളുടെ പേരുവിവരം തൊഴിൽ വകുപ്പ് പ്രസിദ്ധപ്പെടുത്തുക, വനത്തിൽ വീണുകിടക്കുന്നതും പാതയോരങ്ങളിൽ മുറിച്ചിട്ടതുമായ ഈട്ടി ഉൾപ്പെടെ വിലപിടിപ്പുള്ള മരങ്ങൾ നശിക്കുന്നത് തടയുക,
പട്ടയഭൂമികളിൽ നിൽക്കുന്നതും സർക്കാർ റിസർവ് ചെയ്തതുമായ മരങ്ങൾ വില ഈടാക്കി ഭൂവുടമകൾക്ക് വിട്ടുകൊടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മരത്തിന്റെ ഉപയോഗം കുറഞ്ഞതും വിവിധ ഇനം തടികളുടെ വിലത്തകർച്ചയും വർധിച്ച കൂലിച്ചെലവും ടിന്പർ വ്യവസായ മേഖലയെ ബാധിച്ചതായി കണ്വൻഷൻ വിലയിരുത്തി.
ജില്ലാ സെക്രട്ടറി കെ.സി.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ. സലിം അത്താണി അധ്യക്ഷത വഹിച്ചു. കെ. നാസിർ, മുസ്തഫ ഐക്കാരൻ, ഷമീർ മഞ്ചേരി, റജി പാലുകുന്ന്, ടി.പി. അബ്ദുൾ റസാഖ്, എം. മാലിക്ക്, കെ. മെഹറൂഫ്, പി. നാസർ, എം. ഷമിർ, മൂസ, ബിജു, സമദ്, സാജൻ തോമസ് എന്നിവർ പ്രസംഗിച്ചു.