കാലാവസ്ഥ വ്യതിയാനം: സംസ്ഥാനതല പരിശീലനം തുടങ്ങി
1578474
Thursday, July 24, 2025 5:51 AM IST
മാനന്തവാടി: കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങളിൽ മുന്നറിയിപ്പ്, ദുരന്തമുഖങ്ങളിലെ ശാസ്ത്രീയ രക്ഷാപ്രവർത്തനം, ദുരിതാശ്വാസ-പുനരധിവാസ പദ്ധതികളുടെ രൂപീകരണം എന്നീ വിഷയങ്ങളിൽ ത്രിദിന പരിശീലനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ ആരംഭിച്ചു.
കാരിത്താസ് ഇന്ത്യയും കേരള സോഷ്യൽ സർവീസ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥാവ്യതിയാനം, പ്രകൃതിദുരന്തങ്ങൾ എന്നിവ മൂലം സമൂഹം നേരിടുന്ന വെല്ലുവിളികൾ വർധിക്കുന്ന സാഹചര്യത്തിൽ "ഒരുങ്ങിയിരിക്കുക’ എന്നത് സുപ്രധാനമാണെന്നും ഇതിനകം ഉണ്ടായ ദുരന്തങ്ങളിൽനിന്നു പാഠം ഉൾക്കൊണ്ട് ദീർഘകാല ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യുഎസ്എസ്എസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു.
കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. കാരിത്താസ് ഇന്ത്യ ടീം ലീഡർ ഡോ.വി.ആർ. ഹരിദാസ്, സംസ്ഥാന കോഓർഡിനേറ്റർ അബീഷ് ആന്റണി, ഡബ്ല്യുഎസ്എസ്എസ് പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, കേരളാ സോഷ്യൽ സർവീസ് ഫോറം പ്രോഗ്രാം മാനേജർ എബി ജോർജ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്തെ വിവിധ സോഷ്യൽ സർവീസ് സൊസൈറ്റികളിൽനിന്നു 35 പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. റേഡിയോ മാറ്റൊലി, ആദിമ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ സന്ദർശനം പരിശീലനത്തിന്റെ ഭാഗമാണ്.
കാരിത്താസ് ഇന്ത്യ ലീഡ് മാനേജർ ഡോ.ജയ്സണ് വർഗീസാണ് മുഖ്യ പരിശീലകൻ. കാലാവസ്ഥ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ അതിജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക, പ്രകൃതിദുരന്ത പ്രതിരോധശേഷി ഉയർത്തുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുക, ജനകീയ കർമസേന രൂപീകരിക്കുക, ദുരന്ത മാനേജ്മെന്റ് പ്ലാനുകളുടെ രൂപീകരണത്തിന് നേതൃത്വം നൽകാൻ ടീമിനെ സജ്ജമാക്കുക എന്നിവ പരിശീലന ലക്ഷ്യമാണെന്നു അദ്ദേഹം പറഞ്ഞു.