മഴയും റെഡ് അലർട്ടും: ജില്ലയിലെ ടൂറിസം മേഖല പ്രതിസന്ധിയിൽ
1578725
Friday, July 25, 2025 6:09 AM IST
സുൽത്താൻ ബത്തേരി: മഴ ആസ്വദിച്ച് ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ മുൻവർഷങ്ങളിലെല്ലാം നൂറ് കണക്കിന് ആളുകളാണ് വയനാട്ടിലേക്ക് എത്തിയിരുന്നത്. എന്നാൽ പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിന് ശേഷം ശക്തമായ മഴ മുന്നറിയിപ്പും അടിക്കിടയുണ്ടാവുന്ന റെഡ് അലർട്ടുമാണ് തിരിച്ചടിയായിരിക്കുന്നത്. ഇത് ജില്ലയിലേക്കെത്തുന്ന സഞ്ചരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് വരുത്തിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി അവധി ദിവസങ്ങളിലെ മഴയും റെഡ് അലർട്ടും വിനോദസഞ്ചാരികൾ എത്തുന്നതിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനായി ടൂറിസം വകുപ്പ് മണ്‍സൂണ്‍ ഫെസ്റ്റിലൂടെ മഡ് ഫുട്ബോളും കബടിയും വടംവലിയും തടാക കയാക്കിംഗും നടപ്പാക്കുന്പോഴാണ് ശക്തമായ മഴമുന്നറിയിപ്പും റെഡ് അലർട്ടും പ്രതിസന്ധിയാകുന്നത്.
കഴിഞ്ഞ നാല് ദിവസത്തെ റെഡ് അലർട്ട് കാരണം ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയായിരുന്നു. യെല്ലോ അലേർട്ട് ആയതോടെ കുറുവ ദ്വീപ്, സൂചിപ്പാറ, കാന്തൻപാറ, തൊള്ളിയിരംകണ്ടി, ചെന്പ്ര, മീൻമുട്ടി, നീലിമല വ്യൂപോയിന്റ് എന്നിവയൊഴികെയുള്ളവ തുറന്നു.
ജില്ലയിലെ കാനന സഫാരിഅടക്കം നിലച്ചു. ഇതോടെ ടൂറിസം കേന്ദ്രങ്ങൾ നിർജീവമാണ്. ഈ മേഖലയെ ആശ്രയിച്ചുകഴിയുന്ന ആയിരക്കണക്കിന് ആളുകളെയും അവരുടെ കുടുംബങ്ങളെയുമാണ് ഇത് ബാധിക്കുന്നത്.