ദുരന്ത ഭൂമിയിൽ നിന്ന് ദത്തു നൽകിയ 13 വളർത്തുമൃഗങ്ങൾ വളരുന്നത് കേരളത്തിന് പുറത്ത്
1578726
Friday, July 25, 2025 6:09 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉടമസ്ഥർ മരിച്ചതിനെ തുടർന്ന് ദത്തു നൽകിയ 13 വളർത്തുമൃഗങ്ങൾ വളരുന്നത് കേരളത്തിന് പുറത്ത്. ഒന്പത് പൂച്ചകൾ, അഞ്ച് പൂച്ചക്കുട്ടികൾ, രണ്ട് നായകൾ എന്നീ വളർത്തു മൃഗങ്ങളെയാണ് സന്നദ്ധ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പിഇടിഎ) വഴി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ദത്തു നൽകിയത്.
ഇതിൽ അവശ നിലയിൽ ലഭിച്ച ഒരു പൂച്ചയും രണ്ട് പൂച്ചക്കുട്ടിയും കൊണ്ടുപോകുന്ന വഴിയിൽ മരണപ്പെട്ടു. ബാക്കി 13 വളർത്തുമൃഗങ്ങളും കേരളത്തിന് പുറത്ത് സുഖമായിരിക്കുന്നുവെന്ന് പിഇടിഎ സീനിയർ ഡയറക്ടർ (വെറ്ററിനറി അഫയേഴ്സ്) ഡോ. മിനി അരവിന്ദൻ പറഞ്ഞു. മുണ്ടക്കൈ, ചൂരൽമല ഭൂമിയിൽ നിന്ന് ലഭിച്ച വളർത്തുമൃഗങ്ങൾ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ദത്തു നൽകിയിരിക്കുന്നത്.
ദുരന്തത്തിൽ ആകെ 2775 മൃഗങ്ങൾ ചത്തു. ഇതിൽ 81 പശുക്കൾ, 50 മുയലുകൾ, 16 ആടുകൾ, അഞ്ച് എരുമകൾ, 2623 കോഴികൾ എന്നിവയുൾപ്പെടുന്നു. 202 ക്ഷീരകർഷകർക്ക് നഷ്ടം സംഭവിച്ചു.
ദുരന്തത്തിൽ പരിക്കുപറ്റിയ 234 വളർത്തുമൃഗങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് ചികിത്സ നൽകി. രക്ഷപ്പെട്ട മൃഗങ്ങൾക്കായി സ്വകാര്യ വ്യക്തികൾ, ക്ഷീരകർഷക സംഘങ്ങൾ, വെറ്ററിനറി കോളജ് പൂർവ വിദ്യാർഥികൾ എന്നിവർ മുഖേന ലോഡ് കണക്കിന് തീറ്റയും പോഷകാഹാരവും ലഭ്യമാക്കി.
കന്നുകാലികൾ നഷ്ടപ്പെട്ട 23 കർഷകർക്ക് നഷ്ടപരിഹാരമായി ഇതുവരെ 18.02 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. 178 കുടുംബങ്ങളെ ഉപജീവനം പുനഃസ്ഥാപിച്ചു നൽകേണ്ട പദ്ധതിയിലേക്ക് തെരഞ്ഞെടുത്തു. ഇതിൽ 78 കുടുംബങ്ങളെ ഉടൻ സഹായം നൽകേണ്ട ചുരുക്കപട്ടികയിലും ഉൾപ്പെടുത്തി.
എൽസ്റ്റണ് എസ്റ്റേറ്റിൽ ഉയരുന്ന പുനരധിവാസ വീടുകൾ പൂർത്തിയാക്കിയശേഷം തങ്ങളുടെ ഉപജീവനം പുനഃസ്ഥാപിക്കുന്ന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോയാൽ മതിയെന്ന് ക്ഷീര കർഷകർ ആവശ്യപ്പെട്ടതായി അധികൃതർ പറഞ്ഞു.