കർക്കടക വാവുബലി: ആയിരങ്ങൾ ബലിതർപ്പണം നടത്തി
1578724
Friday, July 25, 2025 6:09 AM IST
സുൽത്താൻ ബത്തേരി/കാട്ടിക്കുളം: തെക്കൻ കാശിയെന്നു പുകൾപെറ്റ തിരുനെല്ലിയിലേതടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ കർക്കടകവാവ് ദിനത്തിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി.
തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിനു സമീപം പാപനാശിനിക്കരയിൽ ഇന്നലെ പുലർച്ചെ മൂന്നിന് ആരംഭിച്ച ബലിതർപ്പണം ഉച്ചയ്ക്ക് ഒന്നോടെയാണ് സമാപിച്ചത്.
തിരുനെല്ലിയിലേക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച ജനപ്രവാഹം ഇന്നലെ രാവിലെയും തുടർന്നു. ബലിസാധന വിതരണത്തിന് പ്രത്യേക കൗണ്ടർ പ്രവർത്തിച്ചതും കൂടുതൽ കർമികളെ ഏർപ്പെടുത്തിയതും ഭക്തർക്കു സൗകര്യമായി.
ഭക്തജനങ്ങൾക്കു സുഗമമായി തിരുനെല്ലിയിൽ വന്നുപോകുന്നതിന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. സ്വകാര്യ വാഹനങ്ങൾ കാട്ടിക്കുളത്ത് തടയാതെ തിരുനെല്ലി ക്ഷേത്രപരിസരം വരെ കടത്തിവിട്ടു. വണ്വേ സംവിധാനം ഏർപ്പെടുത്തി നിട്ടറ, പനവല്ലി വഴിയാണ് വാഹനങ്ങൾ തിരിച്ചുവിട്ടത്. വിവിധ സ്ഥലങ്ങളിൽനിന്നു തിരുനെല്ലി ക്ഷേത്രംവരെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി.
പൊൻകുഴി ശ്രീരാമക്ഷേത്രത്തിൽ കർക്കടകവാവ് ദിനത്തിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി. പുലർച്ചെ മൂന്നരയോടെയാണ് ബലികർമങ്ങൾ ആരംഭിച്ചത്. ക്ഷേത്രം ശാന്തി ഗിരീഷ് അയ്യർ ബലികർമ്മങ്ങൾക്ക് നേതൃതത്വം നൽകി. ക്ഷേത്ര പരിസരത്ത് ഒരേ സമയം 500പേർക്ക് ഇരിക്കാവുന്ന പ്രത്യേക ബലിത്തറയും ഒരുക്കിയിരുന്നു. ബലിതർപ്പണത്തിന് എത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് വലിയസുരക്ഷയും ഒരുക്കിയിരുന്നു.
പുഴയിൽ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ വടം കെട്ടിതിരിക്കുകയും കർമങ്ങൾ കഴിയുന്നതുവരെ ഡിങ്കിയിൽ ജീവനക്കാർ പുഴയിൽ നിലയുറപ്പക്കുകയും ചെയ്തിരുന്നു. റവന്യു വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ.
കെസ്ആർടിസിയും സ്വകാര്യബസുകളും പുലർച്ചെ നാല് മുതൽ സുൽത്താൻ ബത്തേരിയിൽ നിന്ന് പൊൻകുഴിയിലേക്ക് സർവീസും നടത്തി. അതിർത്തി സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നടക്കം നിരവധിപേർ പിതൃതർപ്പണം നടത്തുന്നതിനായി പൊൻകുഴിയിലെത്തിയിരുന്നു.
ദേശീയപാതയിലെ തിരക്ക് നിയന്ത്രിക്കാൻ കർണാടക ഭാഗത്തുനിന്ന് വരുന്ന ചരക്ക് ലോറികൾ അതിർത്തിയിലും കേരളത്തിൽ നിന്നുള്ള ചരക്ക് ലോറികൾ കല്ലൂരും മുത്തങ്ങയിലുമായി തടഞ്ഞിട്ടു. ബലികർമ്മങ്ങൾ പൂർത്തിയായ ശേഷമാണ് ചരക്ക് വാഹനങ്ങൾ കടത്തിവിട്ടത്. പിതൃതർപ്പണം കഴിഞ്ഞെത്തുന്നവക്ക് സത്യസായി സേവാസംഘടനയുടെ നേതൃത്വത്തിൽ ചുക്കുകാപ്പിയും സേവാഭാരതിയുടെ നേതൃത്വത്തിൽ ലഘുഭക്ഷണവും സൗജന്യമായി വിതരണം ചെയ്തു.
പാന്പ്ര ചേലക്കൊല്ലി ശിവക്ഷേത്രത്തിന്റെ കടവിൽ നൂറുകണക്കിനാളുകൾ ബലിതർപ്പണം നടത്തി.
പുലർച്ചെ അഞ്ചിന് തുടങ്ങിയ ബലിതർപ്പണത്തിന് ആചാര്യൻ സനൽ മാരാർ മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി കാവേരി ഇല്ലം നാരായണൻ നന്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രത്തിൽ പിതൃപൂജയും വിശേഷാൽ പൂജകളും നടത്തി.
കോളേരി ശ്രീനാരായണ ഷണ്മുഖ ക്ഷേത്രത്തിൽ പുലർച്ചെ നാലിന് ബലിതർപ്പണം ആരംഭിച്ചു. നരസിപ്പുഴയുടെ തീരത്ത് ക്ഷേത്രം മേൽശാന്തി തെക്കേമഠം പ്രശാന്ത് ശർമയുടെ നേതൃത്വത്തിലായിരുന്നു കർമങ്ങൾ. മണിയങ്കോട് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ഇടത്തിൽ നിരവധി പേർ ബലിതർപ്പണം നടത്തി. ഹരികൃഷ്ണൻ നന്പൂതിരി കാർമികനായി.