കർഷകരെ കണ്ണീരിലാഴ്ത്തി വാഴക്കുലയുടെ വില കുത്തനെ ഇടിഞ്ഞു
1578722
Friday, July 25, 2025 6:09 AM IST
സുൽത്താൻ ബത്തേരി: പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കൃഷി സംരക്ഷിച്ചുപോന്ന നേന്ത്രവാഴ കർഷകർക്ക് വിളവെടുപ്പ് സമയത്തെ വിലയിടിവ് കനത്ത പ്രഹരമായി. 35 രൂപയിൽ താഴാതെ നിന്നിരുന്ന വില കുത്തനെ കുറഞ്ഞ് 21 രൂപയിലെത്തി. പച്ചക്കായുടെ വില കുറഞ്ഞതിന് ആനുപാതികമായി പഴത്തിന്റെയും വില കുറഞ്ഞു.
35 മുതൽ 40 രൂപയാണ് പഴത്തിന്റെ വില. ഉത്പാദന വർധനയും നിപ്പയുമായി ബന്ധപ്പെട്ട പ്രചാരണം ഉണ്ടായതുമാണ് വിലക്കുറവിന് പ്രധാന കാരണമായി കച്ചവടക്കാർ പറയപ്പെടുന്നത്. ഇവയ്ക്ക് പുറമെ നേന്ത്രവാഴയിൽ ഭൂരിഭാഗവും ചിപ്സ് നിർമാണത്തിനായാണ് പോകുന്നത്. വെളിച്ചെണ്ണയുടെ വില അഞ്ഞൂറിലേക്ക് അടുത്തതോടെ ചിപ്സ് നിർമാണം കുറഞ്ഞു.
അതോടെ നേന്ത്രക്കായുടെ ആവശ്യവും കുറഞ്ഞു. ഇതും വിലയിടിവിന് കാരണമായി. ഓണം വിവപണി മുന്നിൽ കണ്ടാണ് കർഷകർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്തും മറ്റും കൃഷിയിറക്കിയത്.
ഓണത്തിന് ചിപ്സിനും ശർക്കരവരട്ടിക്കും നല്ല ഡിമാൻഡ് ഉണ്ടകും. എന്നാൽ വെളിച്ചെണ്ണയുടെ വില വർധനയും നിപ്പയുടെ പേരിലുള്ള പ്രചാരണങ്ങളും കാര്യങ്ങൾ തകിടം മറിച്ചു. സാധാരണ ഈ സമയത്ത് 35 രൂപയിൽ വില കുറഞ്ഞിട്ടില്ല. 60 രൂപ വരെ വില ഉയർന്ന സമയവുമുണ്ട്. ഒന്നാം നന്പർ കായ്ക്കാണ് 22 രൂപയുള്ളത്. സെക്കൻഡ് ക്വാളിറ്റിക്ക് 14 രൂപയാണ് ഇന്നലെത്തെ മാർക്കറ്റ്.
ഒരു വാഴ നട്ട് അത് വിൽപ്പനയ്ക്ക് പാകമാകുന്നതുവരെ കർഷകന് ഒരു വാഴയ്ക്ക് വരുന്നചെലവ് 250 മുതൽ 300 രൂപ വരെയാണ്. ഒരു വാഴക്കുല കൊടുത്താൽ ഇപ്പോൾ ഉത്പാദന ചെലവിന്റെ പകുതിപോലും കിട്ടാത്ത സാഹചര്യമാണ്. അതിനാൽ വില വർധിക്കുമെന്ന് കരുതി കർഷകർ കുലവെട്ടി മാർക്കറ്റിലെത്തിക്കാതെ തോട്ടത്തിൽ തന്നെ നിർത്തുകയാണ്. കർഷകർ വൻ സാന്പത്തിക പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.