പഞ്ചായത്ത് ലൈസൻസ് പുതുക്കുന്നില്ല; തലപ്പുഴയിൽ വ്യാപാരികൾ സമരത്തിലേക്ക്
1579458
Monday, July 28, 2025 5:57 AM IST
മാനന്തവാടി: തലപ്പുഴയിൽ 80 ഓളം വ്യാപാരസ്ഥാപനങ്ങൾക്ക് പഞ്ചായത്ത് ലൈസൻസ് പുതുക്കിനൽകുന്നില്ലെന്നു പരാതി. വർഷങ്ങളായി തലപ്പുഴയിൽ വ്യാപാരം ചെയ്യുന്നവരാണ് ലൈസൻസ് നിഷേധം നേരിടുന്നത്. കെട്ടിടത്തിനുമുകളിൽ മഴമറയും ഷീറ്റും വലിച്ചുകെട്ടിയെന്ന കാരണം പറഞ്ഞാണ് ലൈസൻസ് പുതുക്കാത്തതെന്നു വ്യാപാരികൾ പറയുന്നു.
മഴമറയും ഷീറ്റും കെട്ടിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് പഞ്ചായത്തിന്റെ വാദം.ലൈസൻസ് പുതുക്കാത്തത് വ്യാപാരികൾക്ക് പ്രതിസന്ധിയായി. ബാങ്കുകളിൽനിന്നടക്കം വായ്പയെടുത്താണ് പലരും കച്ചവടം മുന്നോട്ടുകൊണ്ടുപോകുന്നത്.
തദ്ദേശ സ്വയംഭരണ മന്ത്രി നടത്തിയ അദാലത്തിൽ വ്യാപാര സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം ലൈസൻസ് പ്രശ്നത്തിനു പരിഹാരം കാണണമെന്ന് നിർദേശം നൽകിയിരുന്നു. എന്നിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്നു പരിഹാരനടപടികൾ ഉണ്ടാകുന്നില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി.
മുൻവർഷങ്ങളിൽ കെട്ടിടത്തോടുചേർന്ന് ഷീറ്റ് വലിച്ചുകെട്ടിയെങ്കിലും ലൈസൻസ് പുതുക്കിയിരുന്നതായി അവർ ചൂണ്ടിക്കാട്ടി. ലൈസൻസുകൾ പുതുക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കാനാണ് വ്യാപാരികളുടെ തീരുമാനം.