ഉരുൾ അനാഥരാക്കിയ പെണ്‍കുട്ടികൾക്ക് രണ്ട് "അജ്ഞാത’രുടെ കരുതൽ
1579096
Sunday, July 27, 2025 5:27 AM IST
കൽപ്പറ്റ: 2024 ജൂലൈ 30ലെ പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ ഉള്ളുലഞ്ഞ അനേകം ആളുകളിൽ ഒരാളായിരുന്നു പാലക്കാട് സ്വദേശിയായ സുധാകരൻ(പേര് യഥാർത്ഥമല്ല). ദിവസങ്ങൾ പിന്നിടുന്പോൾ ഈ 45കാരന്റെ മനസിലെ നീറ്റൽ കൂടി. ദുരന്തത്തിൽ ഏഴ് കുട്ടികൾക്ക് അച്ഛനും അമ്മയും നഷ്ടമായി എന്നറിഞ്ഞപ്പോളായിരുന്നു അത്.
എന്തെങ്കിലും ചെയ്യണമെന്ന് അയാൾ തീർച്ചപ്പെടുത്തി. കാറിന്റെ പ്രതിമാസ അടവ് ആയിടെ അവസാനിച്ചതിനാൽ തുക വയനാട്ടിലെ കുട്ടികൾക്ക് നൽകാമെന്ന് തീരുമാനിച്ചു. സ്വകാര്യ സ്കൂളിൽ അധ്യാപികയായ ഭാര്യയോടും വിദ്യാർഥിയായ മകനോടും ഇക്കാര്യം പറഞ്ഞപ്പോൾ അവർക്കും സമ്മതം.
ഫോണ്‍ നന്പർ സംഘടിപ്പിച്ച് സുധാകരൻ ജില്ലാ ശിശു സംരക്ഷണ ഓഫീസറെ വിളിച്ചു. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടതിൽ മൂന്നു പെണ്‍കുട്ടികൾക്ക് എല്ലാ മാസവും 2,000 രൂപ വീതം നൽകാനുള്ള സന്നദ്ധത അറിയിച്ചു. തന്റെ പേരുവിവരം കുട്ടികളടക്കം അറിയരുതെന്നു നിർദേശിച്ചു.
സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ സുധാകരൻ ഒരിക്കൽപോലും വയനാട് കണ്ടിട്ടില്ല. അയാൾക്ക് ഇവിടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. സാധാരണക്കാരനായ അദ്ദേഹത്തിനു വലിയ സന്പാദ്യവുമില്ല. എങ്കിലും മൂന്നു പെണ്‍കുട്ടികൾക്കു സാന്പത്തിക പിന്തുണ നൽകാനുള്ള തീരുമാനത്തിൽനിന്നു പിന്നാക്കം പോയില്ല. "നാലാം ക്ലാസിൽ പഠിക്കുന്പോൾ അച്ഛൻ മരിച്ച എനിക്ക് പിതാവിന്റെ സ്നേഹവും കരുതലും അനുഭവിക്കാൻ ഭാഗ്യമുണ്ടായില്ല. എന്നെ സംബന്ധിച്ച് ഒരു കുട്ടിയും വിഷമിക്കാൻ പാടില്ല’ എന്നാണ് സുധാകരൻ ജില്ലാ ശിശു സംരക്ഷണ ഓഫീസറോട് പറഞ്ഞത്.
2024 നവംബർ മുതൽ ഓരോ മാസവും സുധാകരൻ മൂന്ന് പെണ്‍കുട്ടികൾക്കായി 6,000 രൂപ സർക്കാർ മുഖേന ലഭ്യമാക്കുന്നുണ്ട്. ഇപ്പോൾ 14, എട്ട്, അഞ്ച് വയസുള്ള പെണ്‍കുട്ടികൾക്കാണ് സഹായം. എല്ലാ മാസവും ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ വിളിച്ച് സുധാകരൻ കുട്ടികളുടെ കാര്യം തിരക്കുന്നുണ്ട്. സാധ്യമാകുന്നിടത്തോളം സഹായം തുടരണമെന്നാണ് സുധാകരന്റെ ആഗ്രഹം. 2018ൽ മലപ്പുറം കവളപ്പാറയിൽ പ്രകൃതിദുരന്തമുണ്ടായപ്പോൾ അവശ്യസാധനങ്ങളുമായി സുധാകരൻ എത്തിയിരുന്നു.
മറ്റൊരു സ്നേഹപ്രവാഹം വയനാട്ടിലേക്ക് ഒഴുകുന്നത് ബംഗൂരുവിൽനിന്നാണ്. പ്രശസ്ത സ്ഥാപനത്തിൽനിന്നു ഡീനായി വിരമിച്ച തൃശൂർ സ്വദേശിനിയാണ് കുട്ടികളെ ചേർത്തുപിടിക്കുന്നത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ട് പെണ്‍കുട്ടികൾക്ക് അവർ പ്രതിമാസം 4,000 രൂപ വീതം ലഭ്യമാക്കുന്നുണ്ട്. 2024 ഓഗസ്റ്റിൽ തുടങ്ങിയ സഹായം തുടരുകയാണ്. ദുരന്തം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. കുട്ടികൾ നന്നായി ഇരിക്കണം. നന്നായി പഠിച്ച് സന്തോഷത്തോടെ മുന്നോട്ടു പോകണം. മറ്റൊന്നും വേണ്ടതില്ല-പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അവർ പറഞ്ഞു.
ഏഴു കുട്ടികളിൽ അടുത്തിടെ 18 തികഞ്ഞ രണ്ടുപേർ ഒഴികെയുള്ളവർ സർക്കാരിന്റെ കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതിയിൽ അടുത്ത ബന്ധുക്കളുടെ സംരക്ഷണത്തിലാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷംരൂപ വീതവും ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപ വീതവും സഹായം സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.
19 കുട്ടികൾക്ക് കേന്ദ്ര സർക്കാരിന്റെ സ്പോണ്‍സർഷിപ്പ് പദ്ധതിയിൽ പ്രതിമാസം 4,000 രൂപ കിട്ടുന്നുണ്ട്. പിതാവും മാതാവും നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് സ്വകാര്യ സംഘടനകളും വ്യക്തികളും സംസ്ഥാന സർക്കാർ മുഖേന 31.24 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ഇതിനുപുറമേയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് വ്യക്തികളുടെ സഹായം.