കനാൽ തകർന്ന് നെൽക്കൃഷി നശിച്ചു
1579105
Sunday, July 27, 2025 5:30 AM IST
സുൽത്താൻ ബത്തേരി: പൂളവയലിൽ കനാൽ തകർന്ന് വെള്ളം വയലിലേക്ക് കുത്തിയൊലിച്ച് ഏക്കർ കണക്കിന് നെൽക്കൃഷി നശിച്ചു.
കഴിഞ്ഞദിവസത്തെ മഴയിൽ കനാലിന്റ ഒരു ഭാഗം തകർന്ന് സമീപത്തെ കൈത്തോട് ഗതിമാറി വയലിലൂടെ ഒഴുകിയാണ് കൃഷി നശിച്ചത്. വട്ടിളി അനന്തന്റെ പാടത്താണ് വെള്ളം കയറിയത്. 10 ദിവസം മുന്പ് കനാലിന്റെ മറ്റൊരു ഭാഗം തകർന്ന് വെള്ളം കുത്തിയൊഴുകി ഇദ്ദേഹത്തിന്റെ പാടത്ത് കൃഷി നശിച്ചിരുന്നു.
കഴിഞ്ഞ തവണ വെള്ളം കയറി കൃഷി നശിച്ചപ്പോൾ കനാൽ പൊളിച്ചുനീക്കുന്നതിനു ജില്ലാ കളക്ടർക്കടക്കം അപേക്ഷ നൽകിയിരുന്നു. എന്നാൽ കനാലിന്റെ ഉടമാവകാശത്തിൽ വകുപ്പുകൾ തമ്മിൽ തർക്കം നിലനിൽക്കുന്നതിനാൽ നടപടിയായില്ല.
രണ്ടരപതിറ്റാണ്ട് പഴക്കമുള്ള കനാൽ ജനങ്ങൾക്ക് ഉപദ്രവകരമായതിനാൽ പൊളിച്ചുനീക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ കൂട്ടാക്കുന്നില്ലെന്ന് പൂളവയലിലെ കർഷകർ പറഞ്ഞു.