പുഞ്ചിരിമട്ടം ദുരന്തം : ഭവന പദ്ധതിക്ക് സ്ഥലം കണ്ടെത്താനാകാതെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും
1579957
Wednesday, July 30, 2025 6:02 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിന്റെ ഒന്നാം വാർഷികദിനത്തിൽ തല താഴ്ത്തി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും. ദുരന്തത്തിനു പിന്നാലെ പ്രഖ്യാപിച്ച ഭവന പദ്ധതികൾക്ക് ആവശ്യമായ ഭൂമി വാങ്ങാൻപോലും കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും കഴിഞ്ഞില്ല. പുഞ്ചിരിമട്ടം ദുരന്തബാധിതർക്കായി കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധിയാണ് ഭവന പദ്ധതി പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസിനുവേണ്ടി സംസ്ഥാന നേതൃത്വവും.
ദുരന്തബാധിതരിൽ നൂറിലധികം കുടുംബങ്ങൾക്ക് കോണ്‍ഗ്രസ് വീട് നിർമിച്ചുനൽകുമെന്ന് 2024 ഓഗസ്റ്റ് ആദ്യവാരമാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും ഭവനനിർമാണത്തിനു ഭൂമി കണ്ടെത്താനാകാതെ ഉഴലുകയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ടെങ്കിലും നിയമ, സാങ്കേതിക തടസങ്ങൾ ഇല്ലാത്ത ഭൂമി കണ്ടെത്താൻ കഴിയുന്നില്ല.
ഏറ്റവും ഒടുവിൽ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ കണ്ടെത്തിയ ഭൂമി പ്ലാന്റേഷൻ പ്രശ്നം ഉള്ളതിനാൽ വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. 100 കുടുംബങ്ങളുടെ പുനരധിവാസത്തിന് ഏകദേശം 10 ഏക്കർ ഭൂമിയാണ് വേണ്ടത്. പദ്ധതിക്കാവശ്യമായ ഭൂമി വാങ്ങുന്നതിന് നീക്കം ഊർജിതമാണെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. നിയമതടസമില്ലാത്ത ഭൂമി മുട്ടിൽ പഞ്ചായത്തിൽ ലഭ്യമാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.
രാഹുൽഗാന്ധി പ്രഖ്യാപിച്ച ഭവന പദ്ധതിയുടെ ശിലാസ്ഥാപനം പുഞ്ചിരിമട്ടം ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിനു മുന്‍പ് നടത്തുമെന്ന് പ്രചാരണമുണ്ടായിരുന്നു. രാഹുൽഗാന്ധിയും സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും ചേർന്നു ശിലാസ്ഥാപനം നിർവഹിക്കുമെന്ന് ചില മാധ്യമങ്ങളിൽ ഇടംപിടിച്ചു. ഇത് വെറുതെയായതിൽ അസ്വസ്ഥരാണ് കോണ്‍ഗ്രസിലെ താഴ്ത്തട്ട് പ്രവർത്തകർ.
ഭവനപദ്ധതിക്ക് ആവശ്യമായ സ്ഥലം സർക്കാർ ലഭ്യമാക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ നേതൃത്വത്തിനു ഉണ്ടായിരുന്നു. എന്നാൽ സ്ഥലം അനുവദിക്കാനാകില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ വിളിച്ചുചേർത്ത, നൂറും അതിലധികവും വീട് വാഗ്ദാനം ചെയ്തവരുടെ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കൽപ്പറ്റ എൽസ്റ്റൻ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പിൽ 1,000 ചതുരശ്ര അടി വിസ്തീർണത്തിൽ വീട് നിർമിക്കുന്നതിന് സന്നദ്ധ പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും 30 ലക്ഷം രൂപ വീതം നൽകണമെന്ന നിലപാടും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെയാണ് ഭവന പദ്ധതിക്ക് സ്വന്തം നിലയിൽ ഭൂമി കണ്ടെത്താൻ കോണ്‍ഗ്രസും മുസ്ലിം ലീഗും മറ്റും നിർബന്ധിതമായത്. മുട്ടിൽ പഞ്ചായത്തിലെ വെള്ളിത്തോടിൽ വിലയ്ക്കുവാങ്ങിയ 11.5 ഏക്കറിൽ ഭവനപദ്ധതി യാഥാർഥ്യമാക്കുന്നതിനു നീക്കത്തിലാണ് മുസ്ലിം ലീഗ്.
2019 ഓഗസ്റ്റ് എട്ടിലെ പുത്തുമല ഉരുൾദുരന്ത ബാധിത കുടുംബങ്ങളെ പുനരധിവസിപ്പിച്ച മേപ്പാടി പൂത്തകൊല്ലിയിൽ സർക്കാർ ഉടമസ്ഥതയിൽ ഭൂമിയുണ്ട്. സർക്കാർ സന്നദ്ധമെങ്കിൽ ഈ സ്ഥലത്തിന്റെ ഭാഗം ന്യായമായ വിലനൽകി വാങ്ങാനും വീടുകളുടെ നിർമാണം നടത്താനും കോണ്‍ഗ്രസ് തയാറാണെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം 30 വീടുകളാണ് ഉരുൾദുരന്ത ബാധിത കുടുംബങ്ങൾക്ക് വാഗ്ദാനം ചെയ്തത്. ഇതേത്തുടർന്നു ധനസമാഹരണം നടത്തിയെങ്കിലും ഭൂമി കണ്ടെത്താനും വീടുകളുടെ നിർമാണം തുടങ്ങാനുമായില്ല. ഇത് ഇടതുപക്ഷ യുവജനസംഘടനകളുടേതടക്കം വിമർശനത്തിന് ഇടയാക്കിയിരുന്നു.
ടൗണ്‍ഷിപ്പിൽ 100 വീടുകളുടെ നിർമാണത്തിനു ഉപയോഗപ്പെടുത്തുന്നതിന് സ്പോണ്‍സർഷിപ്പ് അസിസ്റ്റൻസ് എന്ന നിലയിൽ കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ 20 കോടി രൂപ കഴിഞ്ഞ മാർച്ചിൽ കേരള സർക്കാരിന് കൈമാറിയിരുന്നു.