ഇഞ്ചി കർഷകർക്ക് അടിയന്തര സഹായം നൽകണം: കേരള കോണ്ഗ്രസ്-എം
1579762
Tuesday, July 29, 2025 8:15 AM IST
സുൽത്താൻ ബത്തേരി: വയനാട്ടിലും കർണാടകയിലും വൈറസ്ബാധ മൂലം വ്യാപകമായി ഇഞ്ചി കൃഷി നശിച്ച കർഷകർക്ക് അടിയന്തര സാന്പത്തിക സഹായം നൽകണമെന്ന് കേരള കോണ്ഗ്രസ്-എം സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കണ്വൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇഞ്ചി കൃഷി വ്യാപകമായി പഴുപ്പ് ബാധിച്ച് ദിവസങ്ങൾ കൊണ്ട് നശിച്ചു പോകുകയാണ്. നിലവിൽ വിപണിയിലുള്ള രോഗപ്രതിരോധ മരുന്നുകൾ പ്രയോഗിക്കുന്നുണ്ടെങ്കിലും രോഗത്തെ ചെറുക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു.
കർണാടകയിലും മറ്റും ഇഞ്ചി കൃഷി ചെയ്യുന്നതിന് മലയാളികളായ കർഷകർ ബഹുഭൂരിപക്ഷവും ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും വായ്പയെടുത്തും മറ്റുമാണ് ഇഞ്ചി കൃഷി നടത്തുന്നത്.
കൃഷിനാശം മൂലം ഭീമമായ സാന്പത്തിക ബാധ്യത സാധാരണക്കാരായ കർഷകർക്ക് വന്നുചേർന്നിരിക്കുകയാണ്. ഇങ്ങനെയുള്ള കർഷകരെ സഹായിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ തയാറാകണമെന്നും രോഗബാധമൂലം നശിച്ച കൃഷിയിടങ്ങൾ സന്ദർശിച്ച് പരിഹാര നടപടികൾ കൈക്കൊള്ളുന്നതിന് ആവശ്യമായ അടിയന്തര ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും കണ്വൻഷൻ ആവശ്യപ്പെട്ടു. കേരള കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജെ. ദേവസ്യ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.ഡി. മാത്യു അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി, എൻ.എ. ബില്ലി ഗ്രഹാം, കുര്യൻ ജോസഫ്, കെ.കെ. ബേബി, വിൽസണ് നെടുങ്കുന്പിൽ, അബ്ദുൾ ഗഫൂർ ഹാജി, പി.എം. ജയശ്രീ, ടി.കെ. അന്നമ്മ, ലിസി ലോപ്പസ്, ജോണ്സണ്, വി.എം. ജോസഫ്, കെ.വി. സണ്ണി, ജോർജ് ജോസഫ്, ജോയ് വാദ്യപള്ളി, ടി.എം. ജോസഫ്, അനിൽ ജോസ്, മാത്യു എടയക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.